ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തലാണ് ബിജെപിയുടെ ലക്ഷ്യം; കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരണം: സോണിയാ ഗാന്ധി

ഉദയ്പൂരിലെ ചിന്തന്‍ ശിബിരത്തിന്റെ ലക്ഷ്യം മാറ്റം കൊണ്ടുവരിക എന്നതാണെന്ന്് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. സംഘടനാതലത്തിലെ മാറ്റമാണ് കോണ്‍ഗ്രസ് പുനരുജ്ജീവനത്തിന്റെ ഏറ്റവും അത്യാവശ്യമായ കാര്യമെന്ന് സോണിയ ആമുഖപ്രഭാഷണത്തില്‍ പറഞ്ഞു.

സോണിയാ ഗാന്ധിയുടെ വാക്കുകള്‍

‘നമ്മള്‍ നമ്മുടെ പ്രവര്‍ത്തന ശൈലിയില്‍ സമൂല മാറ്റം കൊണ്ടുവരണം. ശിബിരത്തില്‍ അഭിപ്രായങ്ങള്‍ തുറന്നുപറയണം. രാജ്യത്തിന് നല്‍കുന്ന സന്ദേശം ഐക്യത്തിന്റേതും ശക്തമായ പാര്‍ട്ടിയുടേതും ആകണം. വ്യക്തി താല്‍പര്യങ്ങള്‍ക്കപ്പുറം, സംഘടനയെ ഉയര്‍ത്തി പിടിക്കണം. പാര്‍ട്ടി നമുക്ക് ധാരാളം നേട്ടങ്ങള്‍ തന്നു. അതുതിരികെ നല്‍കാനുള്ള സമയമാണിത്. ന്യൂനപക്ഷങ്ങളുടെ അടിച്ചമര്‍ത്തല്‍ ലക്ഷ്യം വച്ചാണ് ബിജെപിയുടെ പ്രവര്‍ത്തനം. ന്യൂനപക്ഷങ്ങള്‍ ഈ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. ന്യൂനപക്ഷങ്ങളോട് ക്രൂരത കാട്ടുക മാത്രമല്ല, മഹാത്മാ ഗാന്ധിയുടെ ഘാതകരെ ഉയര്‍ത്തിക്കാട്ടുകയുമാണ് ബിജെപി. ജനങ്ങള്‍ ഭയത്തോടെ ജീവിക്കേണ്ട അവസ്ഥയാണ് ഇന്ന് രാജ്യത്തുള്ളത്. മുറിവുണക്കാന്‍, തന്റെ സ്പര്‍ശം ഏറ്റവും ആവശ്യമായപ്പോള്‍ ഒക്കെ, വാഗ്മിയായ പ്രധാനമന്ത്രി മൗനം പാലിക്കുകയായിരുന്നു. ബിജെപിക്കും ആര്‍.എസ്.എസിനുമെതിരായ ചര്‍ച്ചയ്ക്കുള്ള സമയമാണിത്. ഗാന്ധിജിയുടെ ഘാതകരെ വാഴ്ത്തുന്നതിനൊപ്പം നെഹ്റുവിനെ പോലുള്ള നേതാക്കളുടെ സംഭാവനകളെ ചരിത്രത്തില്‍ നിന്ന് മായ്ക്കാനും പരിശ്രമിക്കുകയാണ് ബിജെപി. ജനാധിപത്യത്തെ ദുര്‍ബലമാക്കുന്നു എന്നാണ് ഇതിന്റെ അര്‍ത്ഥം. സമൂഹത്തെ ഭിന്നിപ്പിക്കാനും, മതേതരത്വത്തെയും ഐക്യത്തെയും തര്‍ക്കാനുമാണ് ശ്രമം. വിലക്കയറ്റം ജനജീവിതത്തെ വലിഞ്ഞു മുറുക്കുന്നു. ഇത് ആത്മ പരിശോധനയുടെ സമയമാണ്. ചിന്തന്‍ ശിബിര്‍ ഐക്യത്തിന്റെ സന്ദേശം മുഴക്കണം. യു.പി.എ കാലത്ത് ആരംഭിച്ച പദ്ധതികളുടെ ഉടമസ്ഥാവകാശം മോദി സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്. പുതിയ ഊര്‍ജ്ജവും ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമായിട്ടായിരിക്കണം ചിന്തന്‍ ശിബിര്‍ സമാപിക്കേണ്ടത്. നോട്ട് നിരോധനത്തിന് ശേഷമാണ് സമ്ബദ് വ്യവസ്ഥ തകര്‍ന്നത്. തൊഴിലുറപ്പ് പദ്ധതി അടക്കമുള്ള ജനക്ഷേമ പദ്ധതികള്‍ കൊണ്ടുവന്നത് യു.പി.എ സര്‍ക്കാരാണ്. കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായില്ല. മോദി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്’- സോണിയ ആരോപിച്ചു.