സമസ്ത വേദിയില്‍ നടന്നത് കേരളത്തിന് അപമാനകരം; കേരളം ഭരിക്കുന്നത് താലിബാനല്ലെന്ന് പറയാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കണമെന്നും വി. മുരളീധരന്‍

മലപ്പുറത്ത് വേദിയില്‍ പെണ്‍കുട്ടിയെ സമസ്ത നേതാവ് അപമാനിച്ച സംഭവം കേരളത്തിന് അപമാനകരമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.

‘ഈ വിധമൊരു സംഭവം നടന്നിട്ടും മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ കെപിസിസി അധ്യക്ഷനോ അതിനെതിരെ ശബ്ദിക്കാത്തത് എന്തുകൊണ്ടാണ്? ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രിയ്ക്ക് ബാധ്യതയുണ്ടെന്നിരിക്കെ ശക്തമായ നടപടി സ്വീകരിക്കണമായിരുന്നു. കേരളം ഭരിക്കുന്നത് താലിബാനല്ലെന്ന് പറയാനുള്ള ആര്‍ജവമെങ്കിലും മുഖ്യമന്ത്രി കാണിക്കണം. സമസ്ത വേദിയിലെ അപമാനകരമായ സംഭവത്തെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്? ഇതിലൊന്നും പ്രതികരിക്കാന്‍ ഒന്നുകില്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ലെന്നോ അല്ലെങ്കില്‍ അദ്ദേഹം ആരെയെങ്കിലും ഭയപ്പെടുന്നുണ്ടെന്നോ വേണം മനസിലാക്കാന്‍. കുട്ടികളുടെ അപ്പൂപ്പന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വിദ്യാഭ്യാസ മന്ത്രിയും മൗനം പാലിക്കുകയാണ്. കെപിസിസി അധ്യക്ഷനെ കാണാനുമില്ല. യോഗി ആദിത്യനാഥിനേയും നരേന്ദ്രമോദിയേയും പൗരാവകാശം പഠിപ്പിക്കുന്ന പ്രതിപക്ഷ നേതാവ് തന്നെ ഈ സംഭവത്തെ തള്ളിപ്പറഞ്ഞത് വളരെ ബുദ്ധിമുട്ടിയാണ്‌’- അദ്ദേഹം ചൂണ്ടിക്കാട്ടി.