‘ദി കശ്മീര്‍ ഫയല്‍സ്’ ഒടിടിയില്‍

വിവേക് അഗ്നിഹോത്രിയുടെ ‘ദി കശ്മീര്‍ ഫയല്‍സ്’ ചിത്രത്തിന്റെ പ്രമേയം ഏറെ ചര്‍ച്ചയും വിവാദവും സൃഷ്ടിച്ചിരുന്നു. മാര്‍ച്ച് 11നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ മുസ്ലിം വിരുദ്ധത അടങ്ങിയിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് റിലീസ് ചെയ്ത ദിവസം മുതല്‍ ചിത്രം വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

നാളെ മുതല്‍ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ 5ലൂടെ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. സീ 5 സ്ബ്‌സക്രിപ്ഷന്‍ എടുത്തവര്‍ക്ക് ചിത്രം കാണാന്‍ കഴിയും. പ്രതിവര്‍ഷം ZEE5 പ്രീമിയം സബ്സ്‌ക്രിപ്ഷന് ഇന്ത്യയിലെ വില 999 രൂപയാണ്. എന്നാല്‍ ലിമിറ്റഡ് പീരിയഡ് (പരിമിത കാലയളവ്) ഓഫറില്‍ ഇത് നിലവില്‍ 599 രൂപയ്ക്ക് ലഭ്യമാണ് (പ്രതിമാസം 50 രൂപ). 12 മാസത്തേക്കാണ് സബ്സ്‌ക്രിപ്ഷന്‍. ഒരു സമയം മൂന്ന് പേര്‍ക്ക് കാണാന്‍ കഴിയും. പിന്നീട് ഉള്ളത് 399 രൂപയുടെ പ്ലാന്‍ ആണ്. ഒരു സമയം രണ്ട് പേര്‍ക്ക് കാണാന്‍ കഴിയും.

നാല് ഭാഷകളിലാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രമെത്തും. വിവേക് രഞ്ജന്‍ അഗ്‌നിഹോത്രിയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, മിഥുന്‍ ചക്രവര്‍ത്തി, പല്ലവി ജോഷി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. 10 കോടി രൂപയ്ക്ക് നിര്‍മിച്ച കശ്മീര്‍ ഫയല്‍സ് 250 കോടിയിലേറെ രൂപയാണ് തിയേറ്ററില്‍ നിന്നും വാരികൂട്ടിയത്. രാജ്യമൊട്ടാകെ വലിയ കോളിളക്കം സൃഷ്ടിച്ച ചിത്രത്തിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും രംഗത്തെത്തിയിരുന്നു.