ന്യൂഡൽഹി: ഇന്ത്യൻ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹ നിയമം താത്ക്കാലികമായി മരവിപ്പിച്ച് സുപ്രീം കോടതി. നിയമത്തിന്റെ പുനഃപരിശോധന പൂർത്തിയാകുന്നതുവരെയാണ് നിയമം മരവിപ്പിച്ചത്. പുനഃപരിശോധന പൂർത്തിയാകുന്നതുവരെ 124 എ പ്രകാരം കേസ് രജിസ്റ്റർ ചെയ്യരുതെന്ന നിർദ്ദേശവും കോടതി പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
124 എ വകുപ്പ് താൽക്കാലികമായി സ്റ്റേ ചെയ്യരുതെന്ന് കേന്ദ്ര സർക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി. വിഷയത്തിൽ പുനഃപരിശോധന പൂർത്തിയാകുന്നതുവരെ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് സംസ്ഥാനങ്ങളെയും പോലീസിനെയും വിലക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
നിലവിൽ ഈ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്നവർക്ക് ജാമ്യം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാനുള്ള അനുമതിയും കോടതി നൽകിയിട്ടുണ്ട്. 124 എയുടെ പുനഃപരിശോധന നടക്കുന്നത് വരെയാണ് ഈ താൽക്കാലിക ഉത്തരവ് നിലവിലുണ്ടാവുകയെന്നും സുപ്രീം കോടതി അറിയിച്ചു.

