രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ചു; 2 ടൺ മാമ്പഴം പിടിച്ചെടുത്ത് നശിപ്പിച്ചു

തിരുപ്പൂർ: തിരുപ്പൂരിൽ രാസവസ്തുക്കൾ ഉപയോഗിച്ചു പഴുപ്പിച്ചെടുത്ത 2 ടൺ മാമ്പഴം പിടിച്ചെടുത്തു. ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരാണ് മാമ്പഴം പിടിച്ചെടുത്ത് നശിപ്പിച്ചത്.

മായം കലർത്തിയ ഭക്ഷ്യവസ്തുക്കളുടെ വ്യാപകമായ വിൽപന നടന്നുവരുന്നതായി പരാതി ലഭിച്ചിരുന്നു. തുടർന്ന് പരിശോധന കർശനമാക്കാൻ കളക്ടർ എസ് വിനീത് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പു മേധാവി വിജയ ലളിതാംബികയുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. വിജയ ലളിതാംബികയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ രവി, ബാലമുരുകൻ, കേശവരാജ്, രഘുനാഥൻ , വിജയരാജ് എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് എഥിലീൻ ഉപയോഗിച്ചു പഴുപ്പിച്ചെടുത്ത മാമ്പഴം പിടിച്ചെടുത്തത്.

ഇത്തരത്തിൽ രാസവസ്തുക്കൾ ഉപയോഗിച്ചു പഴുപ്പിച്ചെടുത്ത പഴങ്ങൾ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്കു കാരണമാകുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. കോർപറേഷൻ പ്രദേശത്തെ 18 മാമ്പഴ ഗോഡൗണുകളിൽ നടത്തിയ പരിശോധനയിൽ 6 ഗോഡൗണുകളിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയിരുന്നു. 2250 കിലോ മാമ്പഴമാണ് ഇവിടെ നിന്ന് പിടിച്ചെടുത്ത് നശിപ്പിച്ചത്.

ക്രമക്കേട് കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകി പിഴ ഈടാക്കുകയും ചെയ്തു. വരും ദിവസങ്ങളിലും ജില്ലയിൽ പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം. ഭക്ഷ്യ വസ്തുക്കളിൽ മായം കലർത്തുന്നതു ശ്രദ്ധയിൽപെട്ടാൽ 94440 42322 എന്ന നമ്പറിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ പരാതികൾ അറിയിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.