ഡല്‍ഹിയില്‍ രണ്ടിടങ്ങളിലുണ്ടായ വെടിവെപ്പില്‍ ഒരു മരണം; രണ്ട് പേര്‍ക്ക് പരിക്ക്‌

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഖേര ഗ്രാമത്തിലും പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സുഭാഷ് നഗറിലും നടന്ന വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ മൂന്ന് മണിക്കൂറിനിടെയാണ് രണ്ട് വെടിവെയ്പ്പുകള്‍ നടന്നത്.

ഖേരയില്‍ നടന്ന ആക്രമണത്തില്‍ ജയിലില്‍ കിടക്കുന്ന കുറ്റവാളിയുടെ അച്ഛനാണ് കൊല്ലപ്പെട്ടത്. 50-കാരനായ ഭ്രം പ്രകാശ് എന്നായാളാണ് കൊല്ലപ്പെട്ടതെന്നും ഗോഗി എന്ന ഗുണ്ടാസംഘത്തിലെ അംഗത്തിന്റെ അച്ഛനാണ് ഇയാളെന്നും പോലീസ് വ്യക്തമാക്കി. ബൈക്കിലെത്തിയ സംഘം വൈകിട്ട് അഞ്ച് മണിയോടെയാണ് ഭ്രം പ്രകാശിന് നേരെ വെടിയുതിര്‍ത്തത്. തടവില്‍ കഴിയുന്ന രണ്ട് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ ഭാഗമായാണ് ആക്രമണം നടന്നതെന്നും പോലീസ് കരുതുന്നു.

രണ്ടാമത്തെ ആക്രമണത്തില്‍ അജയ് ചൗധരി, ജസ്സ ചൗധരി എന്നീ രണ്ട് സഹോദരന്മാര്‍ക്കാണ് വെടിവെയ്പ്പില്‍ പരിക്കേറ്റത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവര്‍ക്കും നേരെ അജ്ഞാതരായ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വൈകിട്ട് എട്ട് മണിയോടെയായിരുന്നു ആക്രമണം. അക്രമികളുടെ ഉദ്ദേശ്യവും ആക്രമണത്തിന്റെ കാരണവും വ്യക്തമല്ല.