കൊച്ചി: അധികാരമില്ലാത്ത സ്ഥലങ്ങളില്‍ ഉപതിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മത്സരിക്കാറില്ലെന്നും, അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും ജയിച്ച് അധികാരത്തിലെത്തുമെന്നും ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് പിന്നീട് തീരുമാനിക്കാം. ട്വന്റി-20 മത്സരിക്കണോ എന്നത് അവര്‍ തീരുമാനിക്കണമെന്നും ആപ്പ് സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കി.
തൃക്കാക്കരയില്‍ പാര്‍ട്ടി സംവിധാനം ദുര്‍ബലമാണ്. പരമാവധി 20,000 വോട്ടുകള്‍ നേടാനേ കഴിയൂ ഇത് പാര്‍ട്ടിയുടെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കും. 13 അംഗ സ്ഥാനാര്‍ത്ഥി പട്ടിക പാര്‍ട്ടി തൃക്കാക്കരയ്ക്ക് വേണ്ടി തയ്യാറാക്കി. ദേശീയ നേതൃത്വം പ്രതീക്ഷിക്കുന്നത്ര നേട്ടം കൈവരിക്കാന്‍ സാധിച്ചേക്കില്ലെന്നും സംസ്ഥാന ഘടകം പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെ അറിയിച്ചു.
ഉപതിരഞ്ഞെടുപ്പിനെക്കുറിച്ച് പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ അടക്കം നേരിട്ട് പങ്കെടുത്ത യോഗത്തിനൊടുവിലാണ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് കാര്യമായ സ്വാധീനമുണ്ടാക്കാന്‍ സാധിക്കില്ലെന്ന തീരുമാനത്തിലെത്തിയത്. ആം ആദ്മി മത്സരിക്കുന്നുണ്ടെങ്കില്‍ ട്വന്റി 20 പിന്തുണയ്ക്കുമെന്നാണ് നിലപാട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ട്വന്റി 20, 13,000 വോട്ട് നേടിയ മണ്ഡലമാണ് തൃക്കാക്കര.

