തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്തിന് റോഡ് സേഫ്റ്റി കമ്മീഷണറുടെ അധിക ചുമതല കൂടി നൽകാൻ തീരുമാനിച്ച് സർക്കാർ. നിലവിൽ ട്രാൻസ്പോർട്ട് കമ്മീഷണറായാണ് എസ് ശ്രീജിത്ത് സേവനം അനുഷ്ഠിക്കുന്നത്. പൊലീസ് തലപ്പത്ത് നടന്ന വൻ അഴിച്ചു പണിയുടെ ഭാഗമായാണ് ശ്രീജിത്തിനെ ട്രാൻസ്പോർട്ട് കമ്മീഷണറായി നിയമിച്ചത്. നടിയെ ആക്രമിച്ച കേസിന്റെ നിർണായക ഘട്ടത്തിലാണ് എസ്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് തലപ്പത്ത് നിന്ന് ഗതാഗത കമ്മിഷണറായി മാറ്റിയത്. വലിയ വിമർശനങ്ങൾക്ക് ഇത് വഴിവച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചന കേസിലും അന്വേഷണം നിർണായകഘട്ടത്തിൽ എത്തിനിൽക്കുമ്പോഴാണ് എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് നീക്കി ഗതാഗത കമ്മീഷണറായി നിയമിച്ചത്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം അവസാനിപ്പിക്കാൻ ഒരു മാസം മാത്രം ശേഷിക്കേയുള്ള സ്ഥാനമാറ്റം അന്വേഷണത്തെ ബാധിച്ചേക്കുമെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു.

