ദംഗലിനെ മറികടന്ന് കെജിഎഫ്-2ന്റെ ഹിന്ദി പതിപ്പ്‌

യാഷ് നായകനായ ചിത്രം കെജിഎഫ്-2ന്റെ ഹിന്ദി പതിപ്പ് 400 കോടി ക്ലബില്‍ ഇടംപിടിച്ചിരിക്കുകയാണ്. റണ്‍വേ 34, ബീസ്റ്റ്, ഹീറോപന്തി 2 എന്നിവയുള്‍പ്പെടെ നിരവധി ചിത്രങ്ങളുടെ മത്സരത്തെ അഭിമുഖീകരിച്ചാണ് കെജിഎഫ് മുന്‍നിരയില്‍ തുടരുന്നത്. പ്രദര്‍ശനത്തിന്റെ 23ാം ദിവസമാണ് 400 കോടി കളക്ഷന്‍ നേടിയത്. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് പറയുന്നതനുസരിച്ച്, സിനിമ 400 കോടിയുടെ മാനദണ്ഡം മറികടന്നു.

ചിത്രത്തിന്റെ ഹിന്ദി പതിപ്പ് വെള്ളിയാഴ്ച 3.85 കോടി രൂപയുടെ കളക്ഷന്‍ നേടി മൊത്തം 401.8 കോടി രൂപയിലെത്തി. എസ് എസ് രാജമൗലിയുടെ ബാഹുബലി: ദി കണ്‍ക്ലൂഷന്‍ എന്ന ചിത്രത്തിന് ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഹിന്ദി ചിത്രമായി ഇത് മാറി. 115.78 കോടി രൂപയാണ് ഇപ്പോള്‍ ചിത്രത്തിന്റെ തമിഴ്‌നാട്ടില്‍ നിന്നുള്ള കളക്ഷന്‍.

കന്നഡ, തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ റിലീസ് ചെയ്ത കെജിഎഫ് ചാപ്റ്റര്‍ 2. ഹോംബാലെ ഫിലിംസിന്റെ ബാനറിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. യഷിനെ കൂടാതെ, സഞ്ജയ് ദത്ത് അധീര എന്ന കഥാപാത്രത്തെയും, രവീണ ടണ്ടന്‍ രാഷ്ട്രീയക്കാരിയായ രമിക സെന്നിനെയും അവതരിപ്പിക്കുന്നു. ശ്രീനിധി ഷെട്ടിയാണ് നായിക. നിരവധി മാറ്റിവയ്ക്കലുകള്‍ക്ക് ശേഷം, പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചലച്ചിത്രം ഏപ്രില്‍ 14ന് ആണ് തിയേറ്ററുകളില്‍ എത്തിയത്.