കൊവിഡിനെ തുടര്‍ന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം നല്‍കാനൊരുങ്ങി കേന്ദ്രീയ വിദ്യാലയങ്ങള്‍. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ പരിചരണവും സംരക്ഷണവും ഉറപ്പാക്കുക, ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ നല്‍കുക, വിദ്യാഭ്യാസത്തിലൂടെ അവരെ ശാക്തീകരിക്കുക, സാമ്പത്തിക പിന്തുണയോടെ സ്വയംപര്യാപ്തമായ നിലനില്‍പ്പിന് അവരെ പ്രാപ്തരാക്കുക, എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 23 വയസ്സ് ആകുന്നതു വരെ അവര്‍ക്ക് ഈ സഹായങ്ങള്‍ നല്‍കണമെന്നും പദ്ധതി നിര്‍ദേശിക്കുന്നു. അവര്‍ക്ക് 1 മുതല്‍ 12-ാം ക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസം നല്‍കും. ട്യൂഷന് ഫീസ്, വിദ്യാലയ വികാസ് നിധി ചാര്‍ജുകള്‍ മുതലായവ അവര്‍ നല്‍കേണ്ടതില്ല. പിഎം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ സ്കീമിന് കീഴില്‍ രാജ്യത്തുടനീളമുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനുള്ള കേന്ദ്രത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കെവിഎസ് അധികൃതരാണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്.
‘ഈ പദ്ധതി പ്രകാരം കണ്ടെത്തുന്ന കുട്ടികളുടെ പ്രവേശനം ബന്ധപ്പെട്ട ജില്ലയിലെ ജില്ലാ മജിസ്ട്രേറ്റിന്റെ ശുപാര്‍ശയില്‍ ബന്ധപ്പെട്ട കേന്ദ്രീയ വിദ്യാലയങ്ങളില്‍ ആയിരിക്കും. ഒരു ക്ലാസില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ വീതം പരമാവധി 10 വിദ്യാര്‍ത്ഥികളെ ഡിഎമ്മിന് ഒരു സ്കൂളിലേക്ക് ശുപാര്‍ശ ചെയ്യാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹരായ കുട്ടികളുടെ ലിസ്റ്റ് ബന്ധപ്പെട്ട ജില്ലയിലെ ഡിഎമ്മിന് നല്കിയിട്ടുണ്ടെന്നുംകേന്ദ്രീയ വിദ്യാലയങ്ങള്‍ അത്തരം കുട്ടികളെ പ്രവേശിപ്പിക്കുമെന്നും കെവിഎസ് വാരണാസി മേഖല അസിസ്റ്റന്റ് കമ്മീഷണര്‍ ബി ദയാല്‍ പറഞ്ഞു.
അതേസമയം, സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാനായി കെവിഎസിന്റെ പ്രവേശന നിര്‍ദ്ദേശങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് മാതാപിതാക്കളില്‍ രണ്ട് പേരെയോ, ദത്തെടുത്ത മാതാപിതാക്കളെയോ നിയമപരമായ രക്ഷിതാക്കളെയോ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നതിനുള്ള നിര്‍ദേശം പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

