പുതിയൊരു പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് സ്വിഗ്ഗി. ഫുഡ് ഡെലിവെറിയ്ക്കായി ഡ്രോണുകള്‍ ഉപയോഗിക്കാനൊരുങ്ങുകയാണ് കമ്പനി. ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി ഗരുഡ എയ്റോസ്പേസുമായി ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ ഗ്രോസറി ഡെലിവറി സേവനമായ ഇന്‍സ്റ്റാമാര്‍ട്ടിനായാണ് ഡ്രോണുകളുടെ ഉപയോഗം പരീക്ഷിക്കുവാന്‍ തുടങ്ങിയത്. അതിന്റെ സാധ്യതകള്‍ എത്രത്തോളം ഉണ്ടെന്ന് വിലയിരുത്തുകയാണ് കമ്പനി. വളരെ പെട്ടെന്ന് അവശ്യ സാധനങ്ങള്‍ ആളുകളിലേക്ക് എത്തിക്കാനുള്ള മത്സരത്തിലാണ് മിക്ക കമ്പനികളും ഇപ്പോള്‍. ആ മത്സരത്തില്‍ മുന്നില്‍ എത്താന്‍ തന്നെയാണ് സ്വിഗ്ഗിയുടെ ശ്രമവും.
ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ഡ്രോണ്‍ ഡെലിവറി സംവിധാനം സഹായകമാകും. പുതിയ പദ്ധതി വിലയിരുത്തുന്നതിനായി ഡല്‍ഹി എന്‍സിആറിലും ബംഗളൂരുവിലും പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ട്രയല്‍ റണ്‍ തുടങ്ങി. ഡ്രോണ്‍ ഡെലിവറി സംവിധാനം വഴിഏതു സമയത്തും ഭക്ഷണ സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ സാധിക്കും.
ഭാവിയില്‍ ഏറെ സാധ്യതകളുള്ള ഇങ്ങനെയൊരു പദ്ധതിയുമായി സ്വിഗ്ഗി ആഴ്ചകള്‍ക്ക് മുമ്പാണ് ഗരുഡ എയ്റോസ്പേസിനെ സമീപിച്ചത്. കൂടാതെ 2024 ഓടെ 100,000 തദ്ദേശീയ നിര്‍മിത ഡ്രോണുകള്‍ നിര്‍മിക്കാന്‍ ഗരുഡ എയ്റോസ്പേസിന് പദ്ധതിയുമുണ്ട്. പുതിയ സാധ്യതകളുടെ തുടക്കം എന്നാണ് ഇതിനെ കമ്പനി സ്ഥാപകനും സിഇഒയുമായ അഗ്‌നിശ്വര്‍ ജയപ്രകാശ് ഇതിനെ വിശേഷിപ്പിച്ചത്.

