കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി ജോ ജോസഫിനെ തീരുമാനിച്ച എല്‍ഡിഎഫ് നടപടിയെ വിമര്‍ശിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. ‘കുറച്ചു നെഞ്ചുവേദന തോന്നും, അത് കാര്യാക്കേണ്ട ഡോക്ടറുണ്ട്’ എന്നായിരുന്നു മന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. സിപിഎം പ്രവര്‍ത്തകനെ സ്ഥാനാര്‍ഥിയായി നിര്‍ത്തേണ്ടിയിരുന്നില്ലേ എന്നായിരുന്നു കെ സുധാകരന്റെ ചോദ്യം. ഇതിനാണ് വി ശിവന്‍കുട്ടി മറുപടി നല്‍കിയത്.
ഇന്നലെയാണ് ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ ഡോ. ജോ ജോസഫിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍, പാര്‍ട്ടി നേതാക്കളെ ഒഴിവാക്കി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച നടപടിക്കെതിരെ യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സിപിഎമ്മിനുള്ളില്‍ കടുത്ത അതൃപ്തിയുണ്ടെന്നും എന്തുകൊണ്ടാണ് വീണ്ടും ഒരു ഡോക്ടറെ സ്ഥാനാര്‍ഥിയായി നിര്‍ത്തിയതെന്നുമായിരുന്നു കെ സുധാകരന് ചോദിച്ചത്. യുഡിഎഫിന്റെ ഉറച്ച സീറ്റാണ് തൃക്കാക്കരയെന്നും കഴിഞ്ഞ തവണത്തെക്കാള്‍ ഇത്തവണ യുഡിഎഫിന് കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

