തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇനി സൗജന്യ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സജ്ജം

തിരുവനന്തപുരം: കരള്‍മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയക്കായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സജ്ജമായി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ആദ്യഘട്ടമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു.

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പ്രാവര്‍ത്തികമാക്കുന്നതിന് ചര്‍ച്ചകള്‍ നടത്തുകയും ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതുപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൗജന്യ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കുന്നതിന് സമയബന്ധിതമായി സജ്ജീകരണങ്ങള്‍ ഒരുക്കാനും, റസിപ്യന്റ് ഐസിയു, ഡോണര്‍ ഐസിയു കൂടാതെ ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവ മാനദണ്ഡങ്ങള്‍ പ്രകാരം സജ്ജമാക്കാനും സാധിച്ചു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ലൈസന്‍സ് ലഭ്യമായിട്ടുണ്ട്. മതിയായ ജീവനക്കാരെ വിന്യസിച്ച് പരിശീലനം പൂര്‍ത്തിയാക്കി. കൂടുതല്‍ ജീവനക്കാര്‍ക്കുള്ള പരിശീലനം തുടരുകയും ചെയ്യും

അതേസമയം, സ്വീകര്‍ത്താക്കളുടെ വിശദമായ ടെസ്റ്റുകളും മറ്റും പുരോഗമിക്കുന്നു. വിശദമായ പരിശോധനകള്‍ക്ക് ശേഷം ട്രാന്‍സ്പ്ലാന്റേഷന് യോഗ്യരായ രോഗികളെ രജിസ്റ്റര്‍ ചെയ്യും. അനുയോജ്യമായ ദാതാവിനെ ലഭിക്കുന്ന മുറയ്ക്ക് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള പ്രക്രിയ ആരംഭിക്കുന്നതാണ്. ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന ടീം അംഗങ്ങള്‍ക്ക് മന്ത്രി എല്ലാ ആശംസകളും നല്‍കി. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു.