കൊച്ചി: വരാനിരിക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും ട്വന്റി-ട്വന്റിയും ബദലാകുമെന്ന് സാബു എം.ജേക്കബ്. രണ്ട് പാര്‍ട്ടിയും ചേര്‍ന്നുള്ള സ്ഥാനാര്‍ഥിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നണികള്‍ വികസനത്തിനൊപ്പം എന്ന് പറഞ്ഞതു കൊണ്ട് മാത്രമായില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നടപ്പിലാകില്ലെന്നും സാബു എം. ജേക്കബ് ചൂണ്ടിക്കാട്ടി.
അതേസമയം, യുഡിഎഫിന്റെ ഉറച്ച മണ്ഡലമായിട്ടാണ് തൃക്കാക്കരയെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇത്തവണ കടുത്ത മത്സരം തന്നെ നടക്കാനാണ് സാധ്യത. അന്തരിച്ച എംഎല്‍എ പിടി തോമസിന്റെ പത്‌നി ഉമാ തോമസിനെ തന്നെ ഇവിടെ മത്സരിപ്പിക്കാനാണ് കെപിസിസി നേതൃത്വം ആഗ്രഹിക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാരാണെന്ന് വ്യക്തമായ ശേഷം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാം എന്ന നിലപാടിലാണ് സിപിഎം. പൊതുസ്വീകാര്യതയുള്ള ഒരു പ്രമുഖ വ്യക്തതിത്വത്തെ ഇവിടെ സ്ഥാനാര്‍ത്ഥിയായി ഇറക്കണം എന്നൊരു ആലോചന സിപിഎം കേന്ദ്രങ്ങളിലുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ എല്‍ഡിഎഫിന് മുന്നില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു എന്ന അവസ്ഥ കൂടിയാവും കോണ്‍ഗ്രസിന്. പാര്‍ട്ടിയുമായി പിണങ്ങി നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് കെ.വി തോമസ് തൃക്കാക്കരയില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതും ശ്രദ്ധേയമാണ്. എന്നാല്‍, ഉപതെരഞ്ഞെടുപ്പിനുള്ള പ്രാരംഭ തയ്യാറെടുപ്പുകള്‍ ബിജെപി ഇതിനോടകം തുടക്കമിട്ടെങ്കിലും ഇതുവരേയും ഒരു സ്ഥാനാര്‍ത്ഥിയിലേക്ക് അവര്‍ എത്തിയിട്ടില്ല.
പിടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര നിയോജകമണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് 31നാണ്. മെയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മെയ് പതിനൊന്ന് വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിക്കും. ജൂണ് മൂന്നിന് വോട്ടെണ്ണല്‍ നടക്കും.

