തിരുവനന്തപുരം: ജനങ്ങൾക്ക് ഈദുൽ ഫിത്തർ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ഠനത്തിലൂടെയും ദാന കർമ്മങ്ങളിലൂടെയും ഉയർത്തിപ്പിടിച്ച സഹാനുഭൂതിയുടേയും മാനവികതയുടേയും മൂല്യങ്ങൾ നെഞ്ചോടു ചേർത്തു മുന്നോട്ടു പോകാൻ ഈ സന്ദർഭം ഏവർക്കും പ്രചോദനമാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം പകരുന്ന ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്കായി നാടൊരുങ്ങുകയാണ്. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധികൾ മറികടന്നു കേരളം മുന്നോട്ടു പോകുന്ന ഈ ഘട്ടത്തിൽ ഐക്യത്തോടെയും ഊർജ്ജസ്വലതയോടെയും നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ നമുക്ക് സാധിക്കണം. ചെറിയ പെരുന്നാളിന്റെ മഹത്വം ആ വിധം ജീവിതത്തിൽ പകർത്താനും അർത്ഥവത്താക്കാനും കഴിയണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഏവർക്കും ആഹ്ലാദപൂർവം ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

