ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 5 വിക്കറ്റിന് വീഴ്ത്തി ഈ സീസണിലെ ആദ്യ വിജയം നേടി മുംബൈ ഇന്ത്യന്‍സ്. മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 159 റണ്‍സിന്റെ വിജയലക്ഷ്യം 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് മറികടന്നു.
39 പന്തില്‍ 51 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും 30 പന്തില്‍ 35 റണ്‍സ് നേടിയ തിലക് വര്‍മ്മയുമാണ് മുംബൈ ഇന്ത്യന്‍സിന് വേണ്ടി തിളങ്ങിയത്. ഇരുവരും പുറത്തായ ശേഷം സമ്മര്‍ദ്ദത്തിലായ മുംബൈ ഇന്ത്യന്‍സിനെ 9 പന്തില്‍ 20 റണ്‍സ് നേടി തകര്‍ത്തടിച്ച ടിം ഡേവിഡാണ് വിജയത്തിലെത്തിച്ചത്.
രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ട്രെന്‍ഡ് ബോള്‍ട്ട്, രവിചന്ദ്രന്‍ അശ്വിന്‍, പ്രസീദ് കൃഷ്ണ, യുസ്വെന്ദ്ര ചഹാല്‍, കുല്‍ദീപ് സെന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 52 പന്തില്‍ 67 റണ്‍സ് നേടിയ ജോസ് ബട്ട്‌ലറും 9 പന്തില്‍ 21 റണ്‍സ് നേടിയ രവിചന്ദ്രന്‍ അശ്വിനും മാത്രമാണ് തിളങ്ങിയത്. മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഹൃദിക് ശോകീന്‍, റൈലി മെറഡിത് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും കുമാര്‍ കാര്‍ത്തികേയ, ഡാനിയല്‍ സാംസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. മേയ് രണ്ടിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരം. മേയ് ആറിന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം.

