വൈദ്യുതി ക്ഷാമം പരിഹരിക്കാൻ കഴിയാത്തത് എന്തുകൊണ്ട്; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് വൈദ്യുതി ക്ഷാമം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കൽക്കരി ക്ഷാമവും അതേത്തുടർന്നുള്ള വൈദ്യുതി ക്ഷാമവും പരിഹരിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ഇതിൽ ആരെയാണ് കുറ്റം പറയാൻ പോകുന്നതെന്നും രാഹുൽ ഗാന്ധി ചോദിക്കുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനങ്ങളും ലക്ഷ്യങ്ങളും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിൽ താങ്കൾ പരാജയപ്പെട്ടതിന് ആരെയാണ് കുറ്റം പറയുക. നെഹ്രുവിനെയാണോ അതോ സംസ്ഥാനങ്ങളെയാണോ, അതുമല്ലെങ്കിൽ ജനങ്ങളെയാണോ- രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. രാജ്യത്ത് 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുമെന്ന മോദിയുടെ മുൻകാല പ്രസംഗങ്ങളും നിലവിലെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചുള്ള ചാനൽ വാർത്തകളുടെ വീഡിയോയും ചർച്ചകളും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. നിരവധി സംസ്ഥാനങ്ങളിൽ വൈദ്യുതി പ്രതിസന്ധി കഴിഞ്ഞ ആറ് വർഷത്തിനുള്ളിലെ ഏറ്റവും മോശം അവസ്ഥയിലാണ്. കൽക്കരി ക്ഷാമും രൂക്ഷമായത് വൈദ്യുതി പ്രതിസന്ധി വർധിപ്പിച്ചിട്ടുണ്ട്. കൽക്കരി ലഭ്യത കൂടിയില്ലെങ്കിൽ അടുത്ത മാസം പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് കമ്പനികളുടെ വിലയിരുത്തൽ. നിരവധി കമ്പനികളിൽ വളരെ കുറച്ച് ദിവസത്തെ ഉപയോഗത്തിന് മാത്രമുള്ള കൽക്കരിയാണ് അവശേഷിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.