തിരുവനന്തപുരം: പ്ലസ് ടു കെമിസ്ട്രി ഉത്തരസൂചിക മാറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചില അധ്യാപകർ ബോധപൂർവ്വം പ്രശ്‌നമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇന്നും കെമസ്ട്രിയുടെ വിവിധ ക്യാമ്പുകൾ അധ്യാപകർ ബഹിഷ്‌ക്കരിച്ചിരുന്നു. ക്യാമ്പ് ബഹിഷ്‌ക്കരിച്ചാൽ നടപടിയെന്ന വിദ്യാഭ്യാസ വകുപ്പിന്റെ മുന്നറിയിപ്പ് തള്ളിക്കൊണ്ടായിരുന്നു അധ്യാപകരുടെ നടപടി. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസമന്ത്രി നിലപാട് വ്യക്തമാക്കിയത്.
തിരുവനന്തപുരം ഉൾപ്പടെ പല ജില്ലകളിലും ആരും ക്യാമ്പിലെത്തിയില്ല. പ്രധാനമായും രണ്ട് ആവശ്യങ്ങൾ ഉന്നയിച്ചാണ് ക്യാമ്പ് ബഹിഷ്‌ക്കരിച്ചിട്ടുള്ളത്. നിലവിലെ ഉത്തര സൂചിക മാറ്റണമെന്നാണ് പ്രധാനപ്പെട്ട ആവശ്യം. തെറ്റായ ഉത്തര സൂചിക മറികടക്കാൻ സ്‌കീം ഫൈനലൈസേഷന്റെ ഭാഗമായി പുതിയ ഉത്തര സൂചിക തയ്യാറാക്കിയ 12 അധ്യാപകർക്കെതിരായ നടപടി പിൻവലിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഇത്തവണത്തെ കെമിസ്ട്രി പരീക്ഷ താരതമ്യേന ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് പരാതികളുയർന്നിരുന്നിരുന്നു. വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട മാർക്ക് കിട്ടുന്ന തരത്തിലുള്ള ഫൈനലൈസേഷൻ സ്‌കീം ഉപയോഗിക്കണമെന്നാണ് അധ്യാപകർ ആവശ്യപ്പെടുന്നത്. തെറ്റായ ഉത്തര സൂചിക തുടർന്നാൽ കുട്ടികൾക്ക് 20 മാർക്ക് വരെ കുറയുമെന്നും അധ്യാപകർ പറയുന്നു. കുട്ടികൾക്ക് മാർക്ക് നഷ്ടപ്പെടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കുന്നത്.

