ലെഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ ഇന്ന് കരസേനാ മേധാവിയായി ചുമതലയേൽക്കും; ഉപമേധാവിയായി ബി എസ് രാജു

ന്യൂഡൽഹി: ലെഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ ഇന്ന് പുതിയ കരസേനാ മേധാവിയായി ചുമതലയേൽക്കും. ജനറൽ എം എം നരവനെ വിരമിക്കുന്നതിനാലാണ് മനോജ് പാണ്ഡെ ഇന്ത്യൻ കരസേന മേധാവിയായി ചുമതലയേൽക്കുന്നത്. നിലവിൽ കരസനയുടെ ഉപമേധാവിയാണ് മനോജ് പാണ്ഡെ. ലഫ്. ജനറൽ ബി എസ് രാജുവിനെ കരസേനയുടെ പുതിയ ഉപമേധാവിയായും തെരഞ്ഞെടുത്തു.

സേനയുടെ 29-ാം മേധാവിയായാണ് ലഫ്. ജനറൽ മനോജ് പാണ്ഡെ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. എൻജിനീയേഴ്‌സ് കോറിൽ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ ഓഫീസറാണ് ജനറൽ മനോജ് പാണ്ഡെ. നാഷണൽ ഡിഫൻസ് അക്കാദമിയിൽ പഠനം പൂർത്തിയാക്കിയ മനോജ് പാണ്ഡെ 1982 ലാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.

ഓപ്പറേഷൻ വിജയ്, ഓപ്പറേഷൻ പരാക്രം തുടങ്ങിയവയിൽ പങ്കെടുത്തു. ജമ്മു കാശ്മീർ അതിർത്തിയിൽ എൻജിനീയർ റെജിമെന്റിലും ഇൻഫൻട്രി ബ്രിഗേഡിലും പടിഞ്ഞാറൻ ലഡാക്കിലെ പർവത നിരകളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ അതിർത്തികളിലും സുപ്രധാന ചുമതലകൾ അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്.