തുടർചികിത്സ; കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക്

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. അർബുദ രോഗത്തിന്റെ തുടർചികിത്സക്കായ്ക്കാണ് അദ്ദേഹം അമേരിക്കയിലേക്ക് പോകുന്നത്. പാർട്ടി സെക്രട്ടറിയുടെ ചുമതല കോടിയേരി ഇതുവരെ ആർക്കും കൈമാറിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം വീണ്ടും അമേരിക്കയിലേക്ക് പോകുന്നത്.

നേരത്തെ കോടിയേരി അമേരിക്കയിലേക്ക് പോയപ്പോഴും സെക്രട്ടറിയുടെ ചുമതല മറ്റാരെയും ഏൽപ്പിച്ചിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനും തുടർ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയിരിക്കുകയാണ്. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലെത്തിയത്. ഇത് മൂന്നാംതവണയാണ് പിണറായി അമേരിക്കയിലേക്ക് പോകുന്നത്.

18 ദിവസത്തേക്കാണ് ചികിത്സ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. മെയ് പത്തോടെ മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തുമെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ മറ്റാർക്കും ചുമതല നൽകിയിട്ടില്ല. മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കുമെന്നാണ് സൂചന.