ചിക്കൻപോക്‌സിനു സമാനമായ രോഗലക്ഷണങ്ങൾ; കുട്ടികൾക്കിടയിൽ തക്കാളിപ്പനി വ്യാപിക്കുന്നു

കൊട്ടാരക്കര: അവണൂർ പ്രദേശങ്ങളിൽ തക്കാളിപ്പനി പടരുന്നു. എട്ടുകുട്ടികൾക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അങ്കണവാടി കുട്ടികളിലാണ് രോഗം പടരുന്നതായി കണ്ടെത്തിയത്. വിട്ടുമാറാത്ത പനിയും ശരീരഭാഗങ്ങൾ ചുവന്നു തടിക്കുന്നതുമാണ് തക്കാളിപ്പനിയുടെ പ്രധാന രോഗലക്ഷണങ്ങൾ.

തക്കാളിപ്പനി ബാധിച്ചവർക്ക് ദേഹത്താകെയും നാവിലും കൈവെള്ളയിലും പൊള്ളിയതുപോലെ കുമിളകൾ ഉണ്ടാകുന്നു. ആഹാരം കഴിക്കാനാകാതെ കുട്ടികൾ ക്ഷീണവും അനുഭവപ്പെടുന്നുണ്ട്. ചിക്കൻപോക്‌സിനു സമാനമായ ലക്ഷണങ്ങളാണ് തക്കാളിപ്പനിയ്ക്ക് അനുഭവപ്പെടുന്നത്. കൈവെള്ളയിലും കാൽവെള്ളയിലും പൃഷ്ഠഭാഗത്തും ചുവന്ന കുരുക്കളും തടിപ്പുകളും ഉണ്ടാവുന്നതാണ് പ്രധാനലക്ഷണം. കടുത്ത പനിയും അസഹ്യമായ വേദനയും ഉണ്ടാകും.

തക്കാളിപ്പനി ബാധിച്ചവർ ചൂടുള്ള വസ്തുക്കൾ കഴിക്കുന്നത് ഒഴിവാക്കണം. തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിച്ച് കുട്ടികളെ കുളിപ്പിക്കാം. നിർജ്ജലീകരണം ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. കുട്ടികളെ ശുശ്രൂഷിക്കുന്നവർ ശുചിത്വവും സാമൂഹിക അകലവും പാലിക്കുകയും വേണമെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.