കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലാണ് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചത്. പുതിയാപ്പയിലാണ് ഷിഗെല്ല റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്. പുതിയാപ്പയിലെ എരഞ്ഞിക്കൽ എന്ന സ്ഥലത്തുള്ള ആറ് വയസുകാരിയിലാണ് രോഗം കണ്ടെത്തിയത്. ഈ മാസം 16 നാണ് കുട്ടിയിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്.

അതേസമയം, രോഗവ്യാപനമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഒരാളിൽ മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ഛർദ്ദിയും പനിയും വിട്ടുമാറാതെ വന്നതോടെ സാമ്പിൾ പരിശോധിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. എന്നാൽ കുട്ടി നിലവിൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നില്ലെന്ന് ആരോഗ്യ വിദഗ്ധർ വിശദമാക്കി.