ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിയ്ക്ക്; ഡബ്ല്യുസിസി

കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗ പരാതിയിൽ യുവനടിയ്ക്ക് പിന്തുണയുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി. തനിക്കെതിരായ കുറ്റകൃത്യത്തിന് ഔദ്യോഗികമായി പോലീസിൽ പരാതിപ്പെടാൻ ആർക്കും അവകാശമുണ്ടെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഡബ്ല്യുസിസി നിലപാട് വ്യക്തമാക്കിയത്.

ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്, അല്ലാതെ മറ്റാരുമല്ല. ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാർഹവുമാണ്. ജുഡീഷ്യൽ പ്രക്രിയയിലേക്ക് സ്വയം സമർപ്പിക്കാതെ, ഇത്തരമൊരു പ്രവൃത്തിയിലൂടെ തന്റെ സാന്നിധ്യം ഓൺലൈനിൽ പ്രകടിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കാനുള്ള ശ്രമമാണെന്ന് തോന്നുന്നുവെന്നും ഡബ്ല്യുസിസി അഭിപ്രായപ്പെട്ടു.

വിഷയത്തിൽ കർശന നടപടിയെടുക്കണമെന്ന് ഡബ്ല്യുസിസി അധികൃതരോട് അഭ്യർത്ഥിക്കുകയും ചെയ്തു. മലയാള ചലച്ചിത്ര വ്യവസായം ഈ പ്രവൃത്തികളെ അപലപിക്കുമെന്നും കുറ്റവാളികളെ അകറ്റി ജോലിസ്ഥലം സ്ത്രീ സൗഹാർദ്ദമാക്കുമെന്നും പ്രതീക്ഷിക്കുന്നുവെന്നും ഡബ്ല്യുസിസി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെയും അക്രമങ്ങളുടെയും ഞെട്ടിക്കുന്ന മറ്റൊരു ആരോപണം ഇപ്പോൾ പരസ്യമാകുന്നു.
കമ്മറ്റികൾ വരുമ്പോഴും പോകുമ്പോഴും ഇത്തരം സംഭവങ്ങൾ കൂടുതൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രൊഫഷണൽ സമവാക്യങ്ങളുടെയും പ്രൊഫഷണൽ ഇടത്തിന്റെയും മറവിലാണ് ഇവിടെ കുറ്റകൃത്യങ്ങൾ നടക്കുന്നതെന്ന് ഡബ്ല്യുസിസി ആവർത്തിക്കുന്നു.

തനിക്കെതിരായ കുറ്റകൃത്യത്തിന് ഔദ്യോഗികമായി പോലീസിൽ പരാതിപ്പെടാൻ ആർക്കും അവകാശമുണ്ട്. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്, അല്ലാതെ മറ്റാരുമല്ല. ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാർഹവുമാണ്. ജുഡീഷ്യൽ പ്രക്രിയയിലേക്ക് സ്വയം സമർപ്പിക്കാതെ, ഇത്തരമൊരു പ്രവൃത്തിയിലൂടെ തന്റെ സാന്നിധ്യം ഓൺലൈനിൽ പ്രകടിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കാനുള്ള ശ്രമമാണെന്ന് തോന്നുന്നു.

അധികാരികളോട് കർശന നടപടിയെടുക്കണമെന്ന് ഡബ്ല്യുസിസി അഭ്യർത്ഥിക്കുന്നു, മലയാള ചലച്ചിത്ര വ്യവസായം ഈ പ്രവൃത്തികളെ അപലപിക്കുമെന്നും കുറ്റവാളികളെ അകറ്റി ജോലിസ്ഥലം സ്ത്രീ സൗഹാർദ്ദമാക്കുമെന്നും പ്രതീക്ഷിക്കുന്നു.