ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വെല്ലുവിളി അവസാനിച്ചിട്ടില്ലെന്നും സംസ്ഥാനങ്ങള്‍ ആരോഗ്യസംവിധാനങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ ചര്‍ച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനം പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന് കൊവിഡ് പ്രതിരോധ നടപടികളെ കുറിച്ച് യോഗത്തില്‍ അവതരണം നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും യോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സാ ആവശ്യങ്ങള്‍ക്കായി വിദേശത്തായതിനാല്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് കേരളത്തില്‍ നിന്ന് അവലോകന യോഗത്തില്‍ പങ്കെടുത്തത്. നിലവില്‍ പതിനയ്യായിരത്തിലധികം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കേസുകള്‍ കൂടുന്നതിനെ തുടര്‍ന്ന് ഡല്‍ഹി യുപി ഹരിയാന ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളും ഇതിനോടകം നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കുന്നതും യോഗം ചര്‍ച്ച ചെയ്തു. കൊവിഡ് രോഗികളുടെ എണ്ണമുയരുന്നതും രാജ്യത്ത നിരവധി ഉത്സവങ്ങള്‍ വരാനിരിക്കുന്നതും കണക്കിലെടുത്താണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്.

