ഇന്ദ്രധനുഷ് പദ്ധതി: 43.6 ലക്ഷം കുട്ടികള്‍ക്കും 11 ലക്ഷം ഗര്‍ഭിണികള്‍ക്കും പ്രതിരോധ വാക്‌സിന്‍ നല്‍കിയതായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ദ്രധനുഷ് പദ്ധതിയിലൂടെ പ്രതിരോധ കുത്തിവെയ്പ്പ് രംഗത്ത് വന്‍ മുന്നേറ്റം. കൊവിഡിനിടയിലും ഇതുവരെ 43.6 ലക്ഷം കുട്ടികള്‍ക്കും 11 ലക്ഷം ഗര്‍ഭിണികള്‍ക്കും പ്രതിരോധ വാക്സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യവകുപ്പ് വ്യക്തമാക്കി. ആരോഗ്യമേഖലയില്‍ സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും സുരക്ഷ ഉറപ്പാക്കാനാണ് ദേശീയതലത്തില്‍ ബോധവല്‍ക്കരണവും പ്രതിരോധ കുത്തിവെയ്പും വ്യാപകമാക്കിയത്.

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയപ്പോള്‍ ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയാണ് കുത്തിവെപ്പും തുള്ളിമരുന്ന് വിതരണവും നടന്നത്. കൊവിഡ് വ്യാപനം മൂലം പ്രതിരോധ വാക്സിനെടുപ്പ് മുടങ്ങിയവര്‍ക്കാണ് മുന്‍ഗണന നല്‍കിയത്. രാജ്യമൊട്ടാകെ 4.7 ലക്ഷം പ്രതിരോധ കുത്തിവെയ്പ്പ് പരിപാടികളിലൂടെയാണ് അരക്കോടിയിലധികം കുഞ്ഞുങ്ങളിലേയ്ക്ക് പ്രതിരോധ വാക്സിനെത്തിച്ചത്.

രാജ്യത്തെ അഞ്ചാമത് ദേശീയ ആരോഗ്യ വിവരശേഖരണപ്രകാരം 62 ശതമാനത്തില്‍ നിന്നും 76 ലേക്കാണ് പ്രതിരോധ ശതമാനം ഉയര്‍ന്നത്. ഇന്ത്യയുടെ മുന്നേറ്റത്തെ യൂണിസെഫ് ഇന്ത്യാ ഘടകം മേധാവി സാഫ്രിന്‍ ചൗധരി അഭിനന്ദിച്ചു. നാലാം ഘട്ടം പ്രതിരോധ വാക്സിന്‍ നല്‍കല്‍ 33 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശ ങ്ങളിലുമായി 416 ജില്ലകളില്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.