ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിനെ പദവികളിൽ നിന്ന് നീക്കി എഐസിസി. കെ വി തോമസിന്റെ കെപിസിസി രാഷ്ട്രീയ കാര്യ സമിതി, എക്സിക്യൂട്ടീവ് അംഗത്വങ്ങൾ എന്നിവ റദ്ദാക്കി. അച്ചടക്ക സമിതിയുടെ ശുപാർശ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു. വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിനാണ് കെ വി തോമസിനെതിരെ നടപടി സ്വീകരിച്ചത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെ മുന്നിൽ കണ്ടാണ് കെ വി തോമസിനെതിരെ കടുത്ത നടപടികൾ നേതൃത്വം ഒഴിവാക്കിയത്. പദവികളിൽ നിന്ന് നീക്കാനുള്ള അച്ചടക്ക സമിതിയുടെ ശുപാർശക്ക് കോൺഗ്രസ് അദ്ധ്യക്ഷ വൈകിട്ടോടെ അംഗീകാരം നൽകി. ഇത് സംബന്ധിച്ച് ഉത്തരവ് വൈകാതെ പുറത്തിറങ്ങും. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സാങ്കേതികമായി എഐസിസി അംഗം എന്ന സ്ഥാനത്ത് നിന്ന് പ്രത്യേകം ഒഴിവാക്കേണ്ടതില്ലെന്നും കോൺഗ്രസ് അറിയിച്ചു.
നേരിൽ ഹാജരായി വിശദീകരണം നൽകാൻ സാഹചര്യം തരണമെന്ന കെ വി തോമസിന്റെ ആവശ്യവും എ.കെ.ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി തള്ളിയിരുന്നു. പാർട്ടി വിലക്ക് ലംഘിച്ച് സി പി എം പാർട്ടി കോൺഗ്രസ് സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തതിനും പിണറായി വിജയനെ പുകഴ്ത്തിയതിനുമെതിരെയാണ് കെ വി തോമസിനെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്.

