പ്രഷർ കുക്കറുകൾ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ പൊട്ടിത്തെറിച്ചേക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

പാചകം എളുപ്പത്തിലും വേഗത്തിലും പൂർത്തിയാക്കാൻ നമ്മെ സഹായിക്കുന്നവയാണ് പ്രഷർ കുക്കറുകൾ. എന്നാൽ പ്രഷർ കുക്കറുകൾ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ പല അപകട സാധ്യതകളുമുണ്ട്. പലർക്കും ഇപ്പോഴും ഇത്തരം അപകടങ്ങളുടെ യാഥാർത്ഥ ഭീകരത അറിയില്ലെന്നതാണ് യാഥാർത്ഥ്യം. ചെറിയ അശ്രദ്ധ കൊണ്ടോ, സാങ്കേതിക പ്രശ്‌നങ്ങൾ മൂലമോ കുക്കറുകൾ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്.

നീരാവി കൊണ്ടുള്ള ഉയർന്ന വായു മർദ്ദത്തിൽ ഭക്ഷണം പാചകം ചെയ്യുന്ന രീതിയാണ് കുക്കറിന്റേത്. 122 0ഇ ൽ ആണ് മിക്ക പ്രഷർകുക്കറുകളും പ്രവർത്തിക്കുന്നത്. അലൂമിനിയമോ സ്റ്റീലോ ആണ് സാധാരണയായി കുക്കറുകളുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. കുക്കറിന്റെ സേഫറ്റി വാൽവുകളോ നീരാവി പുറത്തേക്ക് പോകേണ്ട റെഗുലേറ്ററിനോ (വെയിറ്റ്) എന്തെങ്കിലും പ്രശ്‌നുമുണ്ടായാലോ മർദ്ദത്തിൽ വ്യതിയാനമുണ്ടായാലോ കുക്കർ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്. കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

പ്രഷർ കുക്കറിലെ വാഷർ കൃത്യമായി പരിശോധിക്കുകയും ഭക്ഷണ പദാർഥങ്ങളോ അഴുക്കോ ഇതിൽ ഇല്ലെന്ന് ഉറപ്പാക്കുകയും വേണം. വെള്ളമില്ലാതെ കുക്കറിൽ പാചകം ചെയ്യരുത്, മർദ്ദം പൂർണമായും പുറത്തേക്ക് കളഞ്ഞ ശേഷമെ കുക്കർ തുറക്കാവു. കൃത്യമായി അടച്ചുവെന്ന് ഉറപ്പു വരുത്തിയ ശേഷമെ പാചകം ആരംഭിക്കാവൂ. മർദ്ദം കൂടുമ്പോൾ സ്റ്റീം വാൽവിന് മുകളിലെ അടപ്പ് ഊരിയെടുക്കുകയും ചെയ്യരുത്.

കുക്കറിൽ ഒഴിക്കേണ്ട വെള്ളം, ഇടേണ്ട ഭക്ഷണ പദാർഥം എന്നിവ കൃത്യമായി അളന്ന് മനസ്സിലാക്കി വേണം പാചകം ചെയ്യേണ്ടത്. ആഹാര പദാർത്ഥങ്ങൾ കുത്തി നിറയ്ക്കുകയും ചെയ്യരുത്. കുക്കറിന്റെ ഗ്യാസ്‌കെറ്റ് കംപ്ലൈൻറ് ആവാൻ എപ്പോഴും സാധ്യതയുണ്ട്. പാചകം ചെയ്യുമ്പോൾ നീരാവി പുറത്തേക്ക് ലീക്ക് ആകുന്നുണ്ടോയെന്ന് പരിശോധിക്കുകയും ഇത്തരത്തിൽ ലീക്ക് ആകുന്നെങ്കിൽ ഗ്യാസ്‌കെറ്റ് മാറ്റുകയും ചെയ്യണം.