കൊച്ചി: നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസ്. കോഴിക്കോട് സ്വദേശിനിയായ യുവതിയാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ളാറ്റിൽ വെച്ച് നിരവധി തവണ വിജയ് ബാബു തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നത്.
ഏപ്രിൽ 22 നാണ് യുവതി വിജയ് ബാബുവിനെതിരെ പോലീസിൽ പരാതി നൽകിയത്. പരാതി ലബിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും പോലീസ് വിജയ് ബാബുവിനെ ചോദ്യം ചെയ്തിട്ടില്ല. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ പോലീസ് കേസെടുത്തത്.
അതേസമയം കേസിന്റെ കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പനിയിലൂടെ ജനപ്രിയ സിനിമകൾ നിർമ്മിച്ചാണ് വിജയ് ബാബു ശ്രദ്ധേയനാകുന്നത്. പിന്നീട് അഭിനയ രംഗത്തും താരം ചുവടുറപ്പിക്കുകയായിരുന്നു.

