കെഎസ്ആർടിസിയിൽ എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകാൻ ശ്രമിക്കും; ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകാൻ ശ്രമിക്കുമെന്ന് ഉറപ്പ് നൽകി ഗതാഗത മന്ത്രി ആന്റണി രാജു. ശമ്പള കരാർ പ്രകാരം അഞ്ചാം തിയതിക്ക് മുൻപ് ശമ്പളം നൽകണമെന്ന യൂണിയനുകളുടെ ആവശ്യത്തിൽ മാനേജ്മെന്റിന്റെ ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു മന്ത്രി തല ചർച്ച നടന്നത്. കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ നൽകി വരുന്ന സഹായം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

തൊഴിലാളി യൂണിയനുകൾ പണിമുടക്ക് നടത്തി കെഎസ്ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലാക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. സിഐടിയു ഉൾപ്പെടെയുള്ള അംഗീകൃത ട്രേഡ് യൂണിയൻ സംഘടനമായി വെവ്വേറെയുള്ള ചർച്ചയാണ് മന്ത്രി നടത്തിയത്. ശമ്പള പ്രതിസന്ധി നീട്ടിക്കൊണ്ടു പോകാൻ കഴിയില്ലെന്ന നിലപാടിലാണ് തൊഴിലാളി യൂണിയനുകൾ.

അതേസമയം, സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായി പ്രതിപക്ഷ യൂണിയനുകൾ അറിയിച്ചിട്ടുണ്ട്. സർവ്വീസുകൾ കൂടുതൽ നടത്തി വരുമാനം വർദ്ധിപ്പിക്കണമെന്ന നിർദേശമാണ് യൂണിയനുകൾ ഒന്നടങ്കം മുന്നോട്ട് വെച്ചത്. ഇതിൽ മാനേജ്മെന്റിന് പൂർണ പിന്തുണ നൽകുമെന്നും യൂണിയൻ നേതാക്കൾ നിലപാട് അറിയിച്ചു.