ഐപിഎല്ലില്‍ ചെന്നൈയെ വീഴ്ത്തി പഞ്ചാബ്‌

മുംബൈ: ഐപിഎല്‍ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തോല്‍വി.

188 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈക്ക് 27 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ധോണിയും ജഡേജയുമായിരുന്നു ക്രീസില്‍. റിഷി ധവാന്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് നേരിട്ട ധോണി സിക്‌സിന് പറത്തി വീണ്ടും കഴിഞ്ഞ മത്സരത്തിലെ ഓര്‍മകളുണര്‍ത്തി. രണ്ടാം പന്ത് വൈഡായി. അടുത്ത പന്തില്‍ ധോണിക്ക് റണ്ണെടുക്കാനായില്ല. മൂന്നാം പന്തില്‍ സിക്‌സിനുള്ള ധോണിയുടെ ശ്രമം ജോണി ബെയര്‍‌സ്റ്റോയുടെ കൈകളിലെത്തിയതോടെ ചെന്നൈ തോല്‍വി ഉറപ്പിച്ചു.

അഞ്ചാം പന്തില്‍ സിക്‌സടിച്ച് ജഡേജ ചെന്നൈയുടെ തോല്‍വിഭാരം കുറച്ചു. 39 പന്തില്‍ 78 റണ്‍സടിച്ച അംബാട്ടി റായുഡുവാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. സ്‌കോര്‍ പഞ്ചാബ് കിംഗ്‌സ് 20 ഓവറില്‍ 187-6, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ 176-6.ജയത്തോടെ എട്ടു കളികളില്‍ എട്ട് പോയിന്റുമായി പഞ്ചാബ് ആറാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ നാലു പോയിന്റുള്ള ചെന്നൈ ഒമ്ബതാം സ്ഥാനത്ത് തുടരുന്നു.