സ്റ്റോക്ഹാം: ലോകത്തിന്റെ സൈനിക ചെലവ് 2021 ൽ എക്കാലത്തെയും ഉയർന്ന നിരക്കായ 2.1 ട്രില്യൺ ഡോളറിലെത്തിയതായി കണക്കുകൾ. കോവിഡ് വ്യാപനം മൂലമുണ്ടായ സാമ്പത്തിക തകർച്ചയ്ക്കിടയിലും ആഗോള സൈനികചെലവ് എക്കാലത്തെയും ഉയർന്ന നിലയിൽ എത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം അറിയിച്ചത്. സൈനിക ചെലവ് കൂടുതൽ വഹിക്കുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. പട്ടികയിൽ യു.എസ് ഒന്നാം സ്ഥാനത്തും ചൈന രണ്ടാം സ്ഥാനത്തുമാണ്.
യു.കെ, റഷ്യ എന്നിവയാണ് നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തും എത്തിയിട്ടുള്ളത്. ആകെ സൈനിക ചെലവിന്റെ 62 ശതമാനവും ഈ രാജ്യങ്ങളാണ് വഹിക്കുന്നത്. ആഗോള സൈനികച്ചെലവ് 2021 ൽ 0.7 ശതമാനം വർധിച്ച് 2113 ബില്യൺ ഡോളറിലെത്തിയിരുന്നു. കോവിഡ് മഹാമാരിമൂലമുണ്ടായ സാമ്പത്തിക തകർച്ചക്കിടയിലും ലോക സൈനിക ചെലവ് റെക്കോർഡ് ഉയരത്തിലെത്തിയെന്ന് എസ്ഐപിആർഐയുടെ സൈനിക ചെലവിന്റെയും ആയുധ നിർമ്മാണത്തിന്റെയും മുതിർന്ന ഗവേഷകൻ ഡോ. ഡീഗോ ലോപ്സ് ഡ സിൽവ അറിയിച്ചു. കോവിഡ് മഹാമാരിയിലെ സാമ്പത്തിക തകർച്ചയിൽ നിന്നുള്ള തിരിച്ചുവരവിനിടെ പ്രതിരോധ മേഖലയിലെ ചെലവ് ആഗോള ജി.ഡി.പിയുടെ 2.2 ശതമാനമായി. 2020 ൽ ഇത് 2.3 ശതമാനമായിരുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
2021 ൽ യു.എസ് സൈനിക ചെലവ് 801 ബില്യൺ ഡോളറിലെത്തി. 2012 മുതൽ 2021 വരെയുള്ള കാലയളവിൽ യു.എസ് സൈനിക ഗവേഷണത്തിനും വികസനത്തിനുമുള്ള ധനസഹായം 24 ശതമാനം വർധിപ്പിക്കുകയും ആയുധങ്ങൾ വാങ്ങുന്നതിനുള്ള ചെലവ് 6.4 ശതമാനം കുറക്കുകയും ചെയ്തതായും റിപ്പോർട്ടിലുണ്ട്.
ഇന്ത്യയുടെ സൈനിക ചെലവ് 76.6 ബില്യൺ ഡോളറാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 2020നെ അപേക്ഷിച്ച് 0.6 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. 2020 ൽ നിന്ന് മൂന്ന് ശതമാനം വർധനവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. യുക്രൈൻ അതിർത്തികളിൽ റഷ്യ സൈന്യത്തെ വിന്യസിക്കുന്നതിനിടെ 2021 ൽ റഷ്യയുടെ സൈനികച്ചെലവ് 65.9 ബില്യൺ ഡോളറായി ഉയർന്നതായാണ് റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.

