ഐപിഎല്‍: കരകയറാനാവാതെ മുംബൈ; ലക്‌നൗവിന് ജയം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ 36 റണ്‍സിന് പരാജയപ്പെടുത്തി് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. മുംബൈ ഇന്ത്യന്‍സിന് 8 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എടുക്കാന്‍ മാത്രമെ ആയുള്ളൂ. മുംബൈയുടെ എട്ടാമത്തെ പരാജയമാണിത്. എട്ടില്‍ എട്ടു പരാജയം എന്നത് ഐ പി എല്ലിലെ എക്കാലത്തെയും മോശം റെക്കോര്‍ഡാണ്.

ഇഷന്‍ കിഷന്‍ 20 പന്തില്‍ നിന്ന് 8 റണ്‍സുമായി ആദ്യം മടങ്ങി. 3 റണ്‍സ് മാത്രം എടുത്ത് ബ്രെവിസ്, 7 മാത്രം എടുത്ത് സൂര്യകുമാര്‍ യാദവ് എന്നിവരും കൂടാരത്തിലേക്ക് പിന്നാലെ മടങ്ങി. രോഹിത് ശര്‍മ്മ 39 റണ്‍സ് എടുത്തു എങ്കിലും സ്‌കോറിങിന് വേഗം കൂട്ടാനായില്ല. അവസാനം പൊള്ളാര്‍ഡും തിലക് വര്‍മ്മയും കൂടെ രക്ഷാപ്രവര്‍ത്തനം നടത്തി എങ്കിലും റണ്‍റേറ്റ് അവര്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയുന്നതിനും മുകളില്‍ ആയിരുന്നു. പൊള്ളാര്‍ഡ് 20 പന്തില്‍ 19 റണ്‍സും തിലക് വര്‍മ്മ 27 പന്തില്‍ 38 റണ്‍സും എടുത്തു.

നേരത്തെ ആദ്യം ബാറ്റു ചെയ്ത് ലഖ്‌നൗ 168 റണ്‍സ് നേടിയിരുന്നു. കെഎല്‍ രാഹുലിന്റെ ഒറ്റയാള്‍ പോരാട്ടം ആണ് ടീമിനെ 6 വിക്കറ്റ് നഷ്ടത്തില്‍ ഈ സ്‌കോറിലേക്ക് എത്തിച്ചത്. 103 റണ്‍സ് നേടി പുറത്താകാതെ നിന്ന് രാഹുലാണ് ലക്‌നൗവിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് ചുക്കാന്‍ പിടിച്ചത്. 62 പന്തിലാണ് രാഹുലിന്റെ ഈ നേട്ടം. ക്വിന്റണ്‍ ഡി കോക്കിനെ ജസ്പ്രീത് ബുംറ മടക്കിയയ്ച്ചതിന് ശേഷം മനീഷ് പാണ്ടേയെ കൂട്ടുപിടിച്ച് രാഹുല്‍ ലക്‌നൗവിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 22 റണ്‍സ് നേടിയ മനീഷ് പുറത്താകുമ്‌ബോള്‍ 85 റണ്‍സായിരുന്നു ലക്‌നൗ നേടിയത്. ഒരു വശത്ത് കെഎല്‍ രാഹുല്‍ തന്റെ സ്‌കോറിംഗ് വേഗത്തിലാക്കിയെങ്കിലും സ്റ്റോയിനിസിനെയും ക്രുണാല്‍ പാണ്ഡ്യയെയും പന്തുകളുടെ വ്യത്യാസത്തില്‍ നഷ്ടമായത് ലക്‌നൗവിന് തിരിച്ചടിയായി. ദീപക് ഹൂഡയടെ വിക്കറ്റും ടീമിന് നഷ്ടമാകുമ്‌ബോള്‍ ടീം 121/5 എന്ന നിലയിലായിരുന്നു. അവസാന ഓവറില്‍ രാഹുല്‍ ആദ്യ പന്തില്‍ സിക്‌സര്‍ നേടിയാണ് തന്റെ ശതകം പൂര്‍ത്തിയാക്കിയത്. പിന്നീടുള്ള ഓവറുകളില്‍ 25 പന്തില്‍ 47 റണ്‍സ് നേടി കെഎല്‍ രാഹുലും ആയുഷ് ബദോനിയും ലക്‌നൗവിനെ മുന്നോട്ട് നയിച്ചു. ബദോനി രണ്ട് പന്ത് അവശേഷിക്കവെ പുറത്താകുമ്‌ബോള്‍ 14 റണ്‍സാണ് താരം നേടിയത്.