തൃശൂർ: തൃശൂർ പൂരത്തിന് ഇത്തവണ കോവിഡ് നിയന്ത്രണങ്ങളുണ്ടാകില്ല. മന്ത്രി കെ. രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. നിയന്ത്രണങ്ങൾ ഇല്ലെങ്കിലും മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ ഉറപ്പാക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ദേവസ്വം ബോർഡുകൾക്കുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഞായറാഴ്ച്ച ചേർന്ന സർവ്വ കക്ഷി യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പൂരം പൂർവാധികം ഭംഗിയായി നടത്തുമെന്നും മന്ത്രി പറഞ്ഞു.
മെയ് 10 നാണ് തൃശൂർ പൂരം. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പൂരം എല്ലാവിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം പൂരത്തോടനുബന്ധിച്ച ചടങ്ങുകൾ നടത്തിയിരുന്നുവെങ്കിലും പൂര നഗരിയിലേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. എന്നാൽ, പൂരപ്രേമികൾക്ക് പൂര നഗരിയിൽ പ്രവേശനം ഉണ്ടാകും.
രണ്ട് വർഷത്തെ കോവിഡ് പ്രതിസന്ധി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് സാമ്പത്തികമായി അമിത ഭാരം ഉണ്ടാക്കിയെന്ന വിലയിരുത്തലിലാണ് സർക്കാർ വിഷയത്തിൽ ഇടപെട്ടത്. പരമാവധി തർക്കങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിച്ചുവെന്ന് മന്ത്രി പറഞ്ഞു.

