ന്യൂഡൽഹി: കേരളത്തിലെ ഗോത്ര ചികിത്സയ്ക്ക് അംഗീകാരം നേടിയെടുക്കാൻ വൈദ്യന്മാർക്ക് കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ് സോനോവാളുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കി സുരേഷ് ഗോപി എംപി. വയനാട്ടിലെയും അട്ടപ്പാടിയിലെയും ആദിവാസി വൈദ്യന്മാർക്കു നൽകിയ വാഗ്ദാനമാണ് അദ്ദേഹം പാലിച്ചത്. ആദിവാസി ഊരുകളിലെ പര്യടനത്തിനിടെയാണ് പാരമ്പര്യ വൈദ്യമേഖലയിലെ പ്രശ്‌നങ്ങൾ സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സുരേഷ് ഗോപി ഇവർ സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു.
ആദിവാസി ചികിത്സയ്ക്ക് അംഗീകാരം വേണം, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കണം, പാരമ്പര്യ അറിവുകളുടെ സംരക്ഷണം എന്നിവയാണ് ഇവർ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ. ഈ മാസം 30 ന് ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ കേരളത്തിലെത്തുമ്പോൾ പാരമ്പര്യ വൈദ്യന്മാരുമായി വിശദമായി ചർച്ച നടത്തി പ്രശ്‌ന പരിഹാരത്തിന് നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

