തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തെ തന്റെ സ്ഥലം മാറ്റം ബാധിക്കില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത്. സർക്കാർ നിയോഗിച്ച ഒരു അന്വേഷണ സംഘത്തിന് നേതൃത്വം നൽകുക മാത്രമാണ് താൻ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനോ അന്വേഷണ സംഘത്തിനോ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തന്റെ മാറ്റം അന്വേഷണത്തെ ബാധിക്കുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. സർക്കാർ നിർദ്ദേശപ്രകാരം അന്വേഷണം പൂർവാധികം ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. നടിയെ ആക്രമിച്ച കേസിലും ദിലീപ് ഉൾപ്പെട്ട വധഗൂഡാലോചനാ കേസിലും അന്വേഷണം നിർണായക ഘട്ടത്തിൽ എത്തിനിൽക്കേയാണ് ക്രൈം ബ്രാഞ്ച് മേധാവിയെ സ്ഥാനത്ത് നിന്നും മാറ്റിയയത്. എസ് ശ്രീജിത്തിനെതിരെ അഭിഭാഷക സംഘടനകൾ ആഭ്യന്തര സെക്രട്ടറിയ്ക്ക് പരാതി നൽകിയതും കോടതി വിമർശനങ്ങളുമാണ് സ്ഥാനമാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. അതേസമയം, മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ ഇടപടൽ എഡിജിപിയുടെ സ്ഥാനമാറ്റത്തിന് പിന്നിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.
കേസ് അന്വേഷണം അട്ടിമറിക്കുന്നതിനാണ് ഇപ്പോഴത്തെ മാറ്റമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻഎസ് നുസൂർ പറഞ്ഞു. സിനിമാകഥ തയ്യാറാക്കുന്നത് പോലെ ഏതോ ഒരാൾ ഇരുന്ന് എഴുതിയ തിരക്കഥയാണ് ഈ കേസ്. അതിൽ സർക്കാരിന്റെ ഭാഗം ആര് അഭിനയിക്കും എന്നതിൽ മാത്രമേ സംശയമുണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. പീഡിപ്പിക്കപ്പെടുന്നവർക്കൊപ്പമല്ല, പീഡനത്തിന് നേതൃത്വം നൽകുന്നവർക്കൊപ്പമാണ് സർക്കാരെന്ന് വ്യക്തമാക്കുന്നതാണ് ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്തിനെ നീക്കി നടപടിയെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

