പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി

പാലക്കാട്: പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. ഏപ്രിൽ 28 വരെയാണ് നിരേധനാജ്ഞ നീട്ടിയത്. ജില്ലാ കളക്ടർ മൃൺമയി ജോഷിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജില്ലയിൽ നിരോധനാജ്ഞ നീട്ടണമെന്ന് നേരത്തെ പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിരോധനാജ്ഞ പിൻവലിക്കാവുന്ന സാഹചര്യം ജില്ലയിൽ എത്തിയിട്ടില്ലെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തൽ.

പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമൊ പേർ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളൊ പാടില്ലെന്നാണ് നിർദ്ദേശം. ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രാ നിയന്ത്രണവും തുടരും. ആർ.എസ്.എസ് – പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കൊലപാതകത്തെ തുടർന്നാണ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

കൊലപാതകങ്ങളെ തുടർന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടർന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നിൽ കണ്ടാണ് ജില്ലയിൽ 144 പ്രഖ്യാപിച്ചത്. ഇന്ത്യൻ ആയുധ നിയമം സെക്ഷൻ 4 പ്രകാരം പൊതുസ്ഥലങ്ങളിൽ വ്യക്തികൾ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്.

ഇന്ത്യൻ സ്ഫോടക വസ്തു നിയമം 1884 ലെ സെക്ഷൻ 4 പ്രകാരം പൊതുസ്ഥങ്ങളിൽ സ്‌ഫോടകവസ്തുക്കൾ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങൾ ഉടലെടുക്കും വിധം സമൂഹത്തിൽ ഊഹാപോഹങ്ങൾ പരത്തുകയോ ചെയ്യാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അതേസമയം, അവശ്യ സേവനങ്ങൾക്കും ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾക്കും ഉത്തരവ് ബാധകമല്ല.