ന്യൂഡല്‍ഹി: ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച സിനിമയാണ് വിവേക് രഞ്ജന്‍ അഗ്നിഹോത്രിയുടെ ‘ദ കശ്മീര്‍ ഫയല്‍സ്’. ഏപ്രില്‍ 28ന് ചിത്രം ഹീബ്രു സബ്ടൈറ്റിലുകളോടെ ഇസ്രയേലിലും പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ്. മിഡ്-വെസ്റ്റ് ഇന്ത്യയിലേയ്ക്കുള്ള ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍ കോബി ശോഷാനിയും, ചിത്രത്തിന്റെ സംവിധായകന് വിവേക് അഗ്നിഹോത്രിയും ചേര്‍ന്ന് ഇസ്രയേല്‍ പ്രേക്ഷകര്‍ക്കായുള്ള സിനിമയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു.
‘ഇത് അംഗീകാരത്തിന്റെ നിമിഷമാണ്. ഇസ്രയേലില്‍ ഇതാദ്യമായാണ് ഇത്തരത്തിലുള്ള ഒരു സിനിമ റിലീസ് ചെയ്യുന്നത്. ഭീകരതയോട് പോരാടി, മാനുഷിക മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന എന്ന ലക്ഷ്യത്തോടെ ഇന്ത്യയും ഇസ്രയേലും ഒന്നിച്ച് മുന്നോട്ട് പോകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഒരു ഹിന്ദി ചിത്രത്തിന് ഇസ്രയേലില്‍ ഡിമാന്‍ഡ് ഉണ്ടാകുന്നത് ഇതാദ്യമായാണ്. ഇത് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനമാണ്’- ‘ വിവേക് അഗ്നിഹോത്രി ട്വിറ്ററില്‍ കുറിച്ചു. പോസ്റ്റര്‍ പ്രകാശനത്തിന്റെ ദൃശ്യങ്ങളും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചു.
അതേസമയം, കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം ഇസ്ലാമോഫോബിക് ആണെന്ന് പറഞ്ഞപ്പോഴും, ഇസ്ലാമിക രാജ്യങ്ങളിലൊന്നായ യുഎഇയില്‍ ചിത്രം റിലീസ് ചെയ്തിരുന്നു. ഏപ്രില്‍ 7നായിരുന്നു ചിത്രം യുഎഇയില്‍ റിലീസ് ചെയ്തത്.

