കോവിഡ് നിയന്ത്രണം ലംഘിച്ചു; പാർലമെന്റിൽ ക്ഷമാപണം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ: പാർലമെന്റിൽ ക്ഷമാപണം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കോവിഡ് നിയന്ത്രണം ലംഘിച്ചതിനാണ് ബോറിസ് ജോൺസൺ പാർലമെന്റിൽ മാപ്പ് പറഞ്ഞത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ബ്രിട്ടിഷ് പ്രധാനമന്ത്രിയും ഭാര്യയും ഉൾപ്പെടെയുള്ളവർക്ക് പിഴ ചുമത്തിയിരുന്നു. ലോക്ക് ഡൗണിനിടെ നിയന്ത്രണങ്ങൾ ലംഘിച്ച് ഡൗവിങ് സ്ട്രീറ്റിൽ 2020 ൽ ബോറിസ് ജോൺസണും സുഹൃത്തുക്കളും പാർട്ടി നടത്തിയെന്നാണ് ബോറിസ് ജോൺസണെതിരെയുള്ള കേസ്.

സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഭാര്യ കാരി ജോൺസൺ, ചാൻസലർ ഋഷി സുനാക് എന്നിവരും പിഴ അടയ്‌ക്കേണ്ടി വന്നിരുന്നു. ഭരണത്തിലിരിക്കെ നിയമലംഘനത്തിന് പിഴയൊടുക്കേണ്ടി വരുന്ന ആദ്യ ബ്രിട്ടിഷ് പ്രധാനമന്ത്രിയാണ് ബോറിസ് ജോൺസൺ.

2020 ജൂലൈയിൽ നടത്തിയ പ്രധാനമന്ത്രിയുടെ ജന്മദിന പാർട്ടിയുടെ പേരിൽ മെട്രോപൊളിറ്റൻ പോലീസാണ് പിഴ ചുമത്തിയത്. ബോറിസ് ജോൺസൺ, ഭാര്യ കാരി ജോൺസൺ, ചാൻസലർ റിഷി സുനാക് എന്നിവരെ കൂടാതെ മറ്റ് ആഘോഷ പാർട്ടികളിൽ പങ്കെടുത്ത 50 ലേറെ പേർക്കും പിഴ ചുമത്തിയിരുന്നു.