ദിലീപിന് തിരിച്ചടി; വധഗൂഢാലോചനയിൽ അന്വേഷണം തുടരാമെന്ന് കോടതി

കൊച്ചി: നടൻ ദിലീപിന് തിരിച്ചടി. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി. കേസിൽ കേരളാ പോലീസിന് അന്വേഷണം തുടരാമെന്ന് കോടതി അറിയിച്ചു. കേസിലെ എഫ്‌ഐആർ റദ്ദാക്കില്ലെന്നും കോടതി വ്യക്തമാക്കി.

കേസ് വ്യാജമാണെന്നും, ഒരു വീട്ടിലിരുന്ന് സംസാരിച്ചാൽ അത് വധഗൂഢാലോചനയാകില്ലെന്നും തന്നെ വേട്ടയാടാനായി കെട്ടിച്ചമച്ച കേസാണെന്നുമാണ് ദിലീപ് ഹർജിയിൽ വ്യക്തമാക്കിയിരുന്നത്. ‘ഡിസ്മിസ്ഡ്’, എന്ന ഒറ്റ വാക്കിലാണ് ഹൈക്കോടതി കേസിൽ വിധി പറഞ്ഞത്. ദിലീപും സഹോദരൻ അനൂപും അടക്കം ആറ് പ്രതികളാണ് കേസിലുള്ളത്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് വിധി പുറപ്പെടുവിച്ചത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ‘പദ്മസരോവരം’ എന്ന വീട്ടിലിരുന്ന് ഗൂഢാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്.

കേസ് റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യവും ദിലീപ് ഉന്നയിച്ചിരുന്നു. എന്നാൽ, ഇതും കോടതി പരിഗണിച്ചില്ല.