പാലക്കാട്: കേരളത്തിൽ പിണറായി വിജയൻ സർക്കാർ മതഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന് എല്ലാ സഹായങ്ങളും ഒത്താശയും നൽകുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത തരത്തിൽ തീവ്രവാദ സംഘടനയുടെ പ്രവർത്തനത്തിന് കേരള സർക്കാർ സഹായം നൽകുന്നു. പോപ്പുലർ ഫ്രണ്ടിനെതിരായ കേസുകളിൽ സിബിഐ അന്വേഷണം നടത്തുന്നതിനെ പിണറായി സർക്കാർ എതിർക്കുന്നത് അക്കാരണത്താലാണ്. തനിമതഭീകരവാദ സംഘടനയെ ആർഎസ്എസ്സുമായി താരതമ്യം ചെയ്യുന്നത് അവരെ വെള്ളപൂശാനാണെന്നും കെ.സുരേന്ദ്രൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കേരളത്തിൽ സർക്കാരിന്റെ എല്ലാ ഒത്താശയോടും കൂടിയാണ് തീവ്രവാദ സംഘടനയായ എസ്ഡിപിഐ പ്രവർത്തിക്കുന്നത്. പോലീസിന്റെ കൈകളിൽ സിപിഎം വിലങ്ങുവച്ചിരിക്കുകയാണ്. ഭീകരവാദ കേസുകൾ അന്വേഷിക്കുന്നതിൽ പോലീസ് ദയനീയമായി പരാജയപ്പെട്ടു. എസ്ഡിപിഐ നടത്തുന്ന കൊലപാതകങ്ങളിലെ പ്രതികളെ പോലീസും സിപിഎമ്മും സഹായിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ രൂപപ്പെട്ടിട്ടുള്ള ഗുരുതര സ്ഥിതി മറ്റൊരു സംസ്ഥാനത്തുമില്ല. രാജ്യത്തിനു മുഴുവൻ ഭീഷണിയാണിത്. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്. പാലക്കാട്ടെയും ആലപ്പുഴയിലെയും വയാലാറിലെയുമൊക്കെ കൊലപാതകങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി ചൂണിക്കാട്ടി ലഘൂകരിക്കാനാണ് നീക്കം. രാജ്യം നേരിടുന്ന വലിയ വിപത്താണിത്. കേരളത്തിലെ ഗുരുതര സ്ഥിതി കേന്ദ്രസർക്കാരിനെ അറിയിക്കും. ഈ വരുന്ന 29 ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തുമ്പോൾ ഈ പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സുരേന്ദ്രൻ പറഞ്ഞു.
ആലപ്പുഴയിലും വയലാറിലും പാലക്കാട്ടും ഭീകരവാദികൾ നടത്തിയ കൊലപാതകങ്ങളെല്ലാം ഏകപക്ഷീയമാണ്. മുൻകേസുകളിലെല്ലാം പ്രതികളെ അറസ്റ്റു ചെയ്യുന്നതിലും ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിലും പോലീസ് ശ്രമിച്ചില്ല. പാലക്കാട്ടെ സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ അന്വേഷണത്തിൽ അലംഭാവം ഉണ്ടായപ്പോഴാണ് ഹൈക്കോടതിയിൽ സിബിഐ അന്വേഷണത്തിന് ആവശ്യപ്പെട്ടത്.
സംസ്ഥാന സർക്കാർ എസ്ഡിപിഐക്ക് അനുകൂല നിലപാടാണവിടെ സ്വീകരിച്ചത്. സിബിഐ അന്വേഷണത്തെ എതിർത്ത സർക്കാർ പ്രതികളുടെ വാദം കേൾക്കണമെന്ന വിചിത്രമായ കാരണമാണ് പറഞ്ഞത്. സിബിഐ വന്നാൽ ഗൂഢാലോചന പുറത്തുവരുമെന്ന ഭയത്താൽ തീവ്രവാദികളെ സഹായിക്കാനാണ് സർക്കാർ ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചത്. തീവ്രവാദികൾക്ക് എതിരായ കേസുകൾ സിബിഐ അന്വേഷിക്കുന്നതിനെ സംസ്ഥാന സർക്കാർ എന്തിനാണ് എതിർക്കുന്നത്. തനി മതഭീകരവാദ സംഘടനയുമായി മേശക്കിരുപുറവുമിരുന്ന് എന്തു ചർച്ചയാണ് നടത്തേണ്ടതെന്നും സുരേന്ദ്രൻ ചോദിച്ചു.

