തിരുവനന്തപുരം: കേരളത്തില്‍ 1200 തദ്ദേശ സ്ഥാപനങ്ങളിലെ 2 ലക്ഷത്തോളം ഫയലുകള്‍ തീര്‍പ്പാക്കാന്‍ തിങ്കളാഴ്ച മുതല്‍ അദാലത്ത് സംഘടിപ്പിക്കും. ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ടതും തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള മറ്റു സേവനങ്ങള്‍ സംബന്ധിച്ചതുമായ അപേക്ഷകളും അദാലത്തുകളില്‍ പരിഹരിക്കും. തദ്ദേശസ്ഥാപനം, ജില്ല, പഞ്ചായത്ത്/മുനിസിപ്പല്‍ ഡയറക്ടറേറ്റ് തലങ്ങളില്‍ ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ അധികാരമുള്ള സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.
പഞ്ചായത്തുകളില്‍ പ്രസിഡന്റ്, നഗരസഭകളില്‍ ചെയര്‍പഴ്‌സന്‍, കോര്‍പറേഷനുകളില്‍ മേയര്‍ എന്നിവരാണു സമിതിയിലെ ആദ്യ അംഗം. വൈസ് പ്രസിഡന്റ് അല്ലെങ്കില്‍ സെക്രട്ടറി കണ്‍വീനറാണ്. കൂടാതെ അസി. എന്‍ജിനീയറും സമിതിയിലുണ്ട്. ഈ മൂന്നു പേര്‍ അടങ്ങുന്നതാണു തദ്ദേശസ്ഥാപനതലത്തിലെ അധികാര സമിതി. ജില്ലാതല സമിതിയില്‍ ജില്ലാ ആസൂത്രണ സമിതി അധ്യക്ഷന്‍ ചെയര്‍മാനും ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ടൗണ്‍ പ്ലാനര്‍ എന്നിവര്‍ അംഗങ്ങളുമാണ്. പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, ഡയറക്ടര്‍ (അര്‍ബന്‍), ഡയറക്ടര്‍ (റൂറല്‍), ചീഫ് ടൗണ്‍ പ്ലാനര്‍, ചീഫ് എന്‍ജിനീയര്‍ എന്നിവരാണു ഡയറക്ടറേറ്റ് തലത്തിലെ സമിതിയില്‍ ഉള്‍പ്പെടുന്നത്.
അതേസമയം, സംസ്ഥാനത്ത് കെട്ടിടനിര്‍മാണ പെര്‍മിറ്റിനായി മാത്രം 1.67 ലക്ഷം അപേക്ഷകള്‍ ഇനിയും തീര്‍പ്പാക്കാനുണ്ടെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്/നഗരസഭകളിലും തദ്ദേശ വകുപ്പിന്റെ പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റ് മുതല്‍ സെക്രട്ടേറിയറ്റ് വരെയും, ജനുവരി 31 വരെ സ്വീകരിച്ചതും തീര്‍പ്പാക്കാന്‍ ബാക്കിയായ മുഴുവന്‍ ഫയലുകളിലും ഏപ്രില്‍ 30നു മുന്‍പു പരിഹാരമാണു ലക്ഷ്യം. എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദന്‍ വിവിധ ജില്ലകളില്‍ നടത്തിയ നവകേരള തദ്ദേശകം 2022 എന്ന പരിപാടിയുടെ തുടര്‍ച്ചയായാണ് ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് നടത്തുന്നത്. തദ്ദേശസ്ഥാപനതലത്തില്‍ ഏപ്രില്‍ 21, ജില്ലാതലത്തില്‍ 23, ഡയറക്ടറേറ്റ് തലത്തില്‍ 28, സര്‍ക്കാര്‍ തലത്തില്‍ 30 എന്നിങ്ങനെയാണു ഫയല്‍ തീര്‍പ്പാക്കേണ്ട അവസാന തിയ്യതികള്‍.

