ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ ഓഫ് ലൈന്‍ ക്ലാസ് തുടങ്ങിയ സാഹചര്യത്തില്‍ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ ഈ വര്‍ഷം രണ്ടു ഘട്ടമായി നടത്തും. എന്നാല്‍, അടുത്ത വര്‍ഷം ഒറ്റ പരീക്ഷ മതിയെന്നാണ് തീരുമാനം.
അതേസമയം, സിബിഎസ്ഇ 10,12 ക്ലാസുകളിലേക്കുള്ള രണ്ടാംഘട്ട പരീക്ഷ ഏപ്രില്‍ 26 മുതല്‍ തുടങ്ങും. പത്താം ക്ലാസ് പരീക്ഷ മെയ് 24 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂണ്‍ 15 നും അവസാനിക്കും. രാവിലെ പത്തര മുതല്‍ ഒറ്റ ഷിഫ്റ്റായിട്ടായിരിക്കും പരീക്ഷ നടത്തുക. എന്നാല്‍, സിബിഎസ്ഇ 10, 12 ക്ലാസ് ഒന്നാം ടേം പരീക്ഷ റിസര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പരീക്ഷ ഫലം തയ്യാറാക്കല്‍ നടപടികള്‍ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു എന്നും എപ്പോള്‍ വേണമെങ്കിലും ഫലം പ്രഖ്യാപിക്കാമെന്നും സിബിഎസ്ഇ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ലോഗിന്‍ അക്കൗണ്ട് വഴി സ്‌കോര്‍ നേരിട്ട് ലഭിക്കുന്ന രീതിയിലാകും ഫലപ്രഖ്യാപനം.
നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടന്ന ഒന്നാം ടേം, 10, 12 പരീക്ഷകളില്‍ 36 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ cbse.gov.in, cbseresults.nic.in എന്നിവയില്‍ പരീക്ഷ ഫലങ്ങള്‍ പരിശോധിക്കാം. കൂടാതെ സിബിഎസ്ഇ ടേം 1 ഫലം DigiLocker ആപ്പിലും digilocker.gov.in-ലും ലഭ്യമാകും. ഏപ്രില്‍ 26 മുതല്‍ ആരംഭിക്കുന്ന ടേം 2 പരീക്ഷാ തീയതികളും സിബിഎസ്ഇ പ്രഖ്യാപിച്ചു. ടേം-2 പരീക്ഷകളില്‍, വിദ്യാര്‍ത്ഥികള്‍ക്ക് ഒബ്ജക്റ്റീവ്, സബ്ജക്ടീവ് തരത്തിലുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാകുക.

