ജേക്കബ് തോമസിന് എതിരായ അഴിമതി കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന് എതിരായ ഡ്രഡ്ജർ അഴിമതി കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. ഡ്രഡ്ജർ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ പറയുന്നത്. ഹോളണ്ട് കമ്പനിയിൽ നിന്ന് ഡ്രഡ്ജർ വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടിലെ പല വസ്തുതകളും സർക്കാരിൽ നിന്ന് മറച്ചുവച്ചെന്നും സർക്കാർ ആരോപിച്ചു. സ്റ്റാന്റിങ് കോൺസൽ ഹർഷദ് വി ഹമീദ് ആണ് ഹർജി സമർപ്പിച്ചത്. ടെണ്ടറുമായി ബന്ധപ്പെട്ട് ഗുരുതരമായ വീഴ്ചകളാണ് ജേക്കബ് തോമസിന് സംഭവിച്ചതെന്ന് കേരളം കോടതിയെ അറിയിച്ചു.

ടെണ്ടർ നോട്ടീസിൽ ഗ്ലോബൽ ടെണ്ടർ എന്നത് മറച്ചുവച്ച ശേഷം ഇ ടെണ്ടർ എന്ന് മാത്രമാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത പൊതു മേഖല സ്ഥാപനമായ ബി.ഇ.എം.എല്ലിന്റെ ടെണ്ടർ സ്വീകരിക്കാൻ തയ്യാറായില്ലെന്നും സർക്കാർ കോടതിയിൽ സമർപ്പിച്ച അപ്പീലിൽ വ്യക്തമാക്കുന്നു.

ജേക്കബ് തോമസ് ടെക്‌നിക്കൽ കമ്മിറ്റിയെ മറികടന്ന് ഡ്രഡ്ജർ ഇടപാടിന് ഒത്താശ ചെയ്‌തെന്നായിരുന്നു വിജിലൻസ് നേരത്തെ അറിയിച്ചിരുന്നത്. ജേക്കബ് തോമസ് പോർട്ട് ഡയറക്ടർ ആയിരിക്കെയാണ് ക്രമക്കേട് നടന്നത്. നവംബർ 1, 2020 ലാണ് ഡ്രഡ്ജർ അഴിമതി ആരോപണത്തിൽ ജേക്കബ് തോമസിനെതിരായ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കിയത്. മൂന്ന് സർക്കാർ പ്രതിനിധികൾ കൂടി ഉൾപ്പെട്ട ഡിപ്പാർട്ട്‌മെന്റ് പർച്ചേസ് കമ്മിറ്റിയുടെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഡ്രഡ്ജർ വാങ്ങിയത്. അതിനാൽ ജേക്കബ് തോമസിന്റെ പേരിൽ മാത്രം എടുത്ത കേസ് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് റദ്ദാക്കിയത്.

ഇടപാടിൽ 14.96 കോടി രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു ധനകാര്യ വിഭാഗത്തിന്റെ കണ്ടെത്തൽ. ടെൻഡറിൽ ആദ്യമെത്തിയ ഇന്ത്യൻ കമ്പനിയെ ഒഴിവാക്കി ഹോളണ്ട് കമ്പനിയെ ഒന്നാമതാക്കിയെന്ന ആരോപണവും ജേക്കബ് തോമസിനെതിരെ ഉയർന്നിരുന്നു.