കാര്‍ഷിക പ്രതിസന്ധി രൂക്ഷം; കര്‍ഷകര്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത വേനല്‍ മഴയില്‍ 261 കോടിയുടെ കൃഷിനാശം സംഭവിച്ചു. 1511 ഹെക്ടറിലെ 28 കോടിയുടെ നെല്‍കൃഷിയാണ് കുട്ടനാട്ടില്‍ മാത്രം വെള്ളം കയറി നശിച്ചത്. ഇതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാവുകയും ചെയ്തു.

ഇതിനിടെയാണ് തിരുവല്ലയില്‍ രാജീവ് (49) കൃഷി നാശത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ആദ്യത്തെ വായ്പ അടയ്ക്കാന്‍ പറ്റാത്തതിനെ തുടര്‍ന്നാണ് രാജീവ് രണ്ടാമതും വായ്പ എടുത്തത്. ഇത്തവണത്തെ വേനല്‍മഴയില്‍ ഒമ്പതേക്കര്‍ ഏക്കര്‍ കൃഷിയും നശിച്ചു. ഇതേതുടര്‍ന്ന് നെല്‍പ്പാടത്തിന്റെ കരയിലാണ് രാജീവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, സാമ്പത്തിക ബാധ്യത താങ്ങാതെയാണ് രാജീവ് തൂങ്ങി മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ വായ്പയുമായി ബന്ധപ്പെട്ട് രാജീവ് ഏറെ മാനസിക പ്രശ്‌നത്തിലായിരുന്നുവെന്ന്‌ സുഹൃത്തുക്കളും പറഞ്ഞു.കഴിഞ്ഞ വര്‍ഷത്തെ വായ്പയുമായി ബന്ധപ്പെട്ട് നഷ്ടപരിപാരത്തിന് രാജീവ് ശ്രമിച്ചിരുന്നു.

എട്ട് ഏക്കറോളം കൃഷി നാശം നേരിട്ട രാജീവിന് സര്‍ക്കാര്‍ വെറും രണ്ടായിരം രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്. മതിയായ നഷ്ടപരിഹാരമല്ല ലഭിച്ചതെന്ന് ആരോപിച്ച് രാജീവ് അടക്കമുള്ള പ്രദേശത്തെ 10 കര്‍ഷകര്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നു. ഈ കേസില്‍ വാദം നടന്നുകൊണ്ടിരിക്കുന്നതിനിടെയിലാണ് രാജീവിന് ഈ വര്‍ഷവും കൃഷി നാശമുണ്ടായതും, തുടര്‍ന്ന് അദ്ദേഹം ആത്മഹത്യ ചെയ്തതും. അതേസമയം, സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ പിണറായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടിയ പ്രധാന നേട്ടം. രാജീവിന്റെ ആത്മഹത്യയെ തുടര്‍ന്ന്, ആര്‍ക്കും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം സംസ്ഥാനത്ത് ഇല്ലെന്നാണ് കൃഷി മന്ത്രി പി പ്രസാദ് അവകാശപ്പെട്ടത്.