റഷ്യയിൽ നിന്നും എണ്ണ വാങ്ങരുതെന്നാവശ്യപ്പെട്ട് അമേരിക്ക; മറുപടിയുമായി ഇന്ത്യ

ന്യൂഡൽഹി: റഷ്യയിൽ നിന്നും എണ്ണ വാങ്ങരുതെന്നാവശ്യപ്പെട്ട് അമേരിക്ക. വാഷിംഗ്ടണിൽ നടന്ന മന്ത്രിതല യോഗത്തിലാണ് അമേരിക്ക ഈ ആവശ്യം ഉന്നയിച്ചത്. ഇന്ത്യയുമായുള്ള പങ്കാളിത്തം വളരെ പ്രധാനപ്പെട്ടതാണെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കൻ യോഗത്തിൽ അഭിപ്രായപ്പെട്ടു.

റഷ്യയിൽ നിന്നും രാജ്യങ്ങൾ എണ്ണ ഇറക്കുമതി ചെയ്യരുതെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നതെന്ന് അമേരിക്ക വ്യക്തമാക്കി. ഓരോ രാജ്യത്തെയും സ്ഥിതിഗതികൾ വ്യത്യസ്തമാണ്. ഓരോ രാജ്യങ്ങളുടെ ആവശ്യങ്ങളും വ്യത്യസ്തമാണ്. എന്നാൽ ഈ സാഹചര്യത്തിൽ റഷ്യയിൽ നിന്നും എണ്ണ വാങ്ങരുതെന്നാണ് തങ്ങളുടെ പങ്കാളികളോടും സഖ്യകക്ഷികളോടും അഭ്യർത്ഥിക്കുന്നതെന്നും അമേരിക്ക അറിയിച്ചു. യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ, ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അതേസമയം, യൂറോപ്പ് ഒരു ദിവസം വാങ്ങുന്നതിനേക്കാൾ വളരെ കുറവാണ് ഒരു മാസം ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങുന്നതിന്റെ അളവെന്നും അമേരിക്ക എണ്ണ ഇറക്കുമതിയുടെ കാര്യത്തിൽ കൂടൂതൽ ശ്രദ്ധ ചെലുത്തേണ്ടത് യൂറോപ്പിലാണെന്നും യോഗത്തിൽ ഇന്ത്യ വ്യക്തമാക്കി. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ ഊർജസംരക്ഷണത്തിനായാണ് തങ്ങൾ എണ്ണ വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.