തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ഭീതി മാറിയതോടെ സ്വകാര്യ കേന്ദ്രങ്ങളിലെ വാക്‌സിനേഷന്‍ തിരക്ക് കുറഞ്ഞു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണവും കുറവാണ്. വരും ദിവസങ്ങളിലെ അവസ്ഥ നോക്കിയ ശേഷം മാത്രം കൂടുതല്‍ സൗകര്യമൊരുക്കാനുള്ള തീരുമാനത്തിലാണ് സ്വകാര്യ മേഖല.
അതേസമയം, പ്രധാന ഡോസ് വാക്‌സിനെല്ലാം സര്‍ക്കാര്‍ മേഖലയില്‍ സൗജന്യമായിരുന്നതിനാല്‍, നിര്‍ജീവമായിരുന്ന സ്വകാര്യ മേഖലയിലേക്കാണ് 18 വയസ്സിനു മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ഇപ്പോള്‍ പൂര്‍ണമായി എത്തുന്നത്. എന്നാല്‍, കൊവിഡ് ഭീതി ഒഴിഞ്ഞതിനാല്‍ ഇപ്പോള്‍ വാക്‌സിന്‍ സ്റ്റോക്കുള്ള പ്രധാന സ്വകാര്യ ആശുപത്രികളിലൊന്നും തിരക്കില്ല. രണ്ടാം ഡോസ് എടുത്ത് 9 മാസം കഴിഞ്ഞ് മതി ബൂസ്റ്റര്‍ ഡോസ് എന്നുള്ളത് കൊണ്ട് പലര്‍ക്കും ഇനിയും സമയപരിധി ആയിട്ടില്ല.
തിരുവനന്തപുരത്ത്, കോവിന്‍ പോര്‍ട്ടലിലെ കണക്കുകള്‍ പ്രകാരം ബൂസ്റ്റര്‍ ഡോസിനായി ഉള്ളത് 23 സ്വകാര്യ കേന്ദ്രങ്ങളും, എറണാകുളത്ത് 26ഉം ആണ്. മറ്റു ജില്ലകളില്‍ ഇതിലും കുറവാണ്. നിലവില്‍ ഒന്നരലക്ഷത്തിലധികം ഡോസ് വാക്‌സിന്‍ സ്വകാര്യ മേഖലയിലുണ്ട്. സര്‍ക്കാര്‍ വിലകൊടുത്ത് വാങ്ങിയ വാക്‌സിന്‍ സ്റ്റോക്കില്‍ നിന്ന് വാങ്ങിയ വാക്‌സിനായിരുന്നു ഇവ. അതിനിടെ കൊവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയ്ക്ക് കഴിഞ്ഞ ദിവസം വില കുത്തനെ കുറച്ചിരുന്നു. 60ന് മുകളിലുള്ളവരടക്കം മുന്‍ഗണനാ വിഭാഗത്തിലെ സര്‍ക്കാര്‍ മേഖലയിലെ ബൂസ്റ്റര്‍ ഡോസിനും ആളില്ല. ഇതുവരെ 13,000 പേര്‍ പോലും എടുത്തിട്ടില്ല.

