കണ്ണൂർ: കെ റെയിൽ പദ്ധതിയുടെ പേരിൽ ഭൂമി നഷ്ടപ്പെടുന്നവർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പദ്ധതി സംബന്ധിച്ച് തെറ്റിദ്ധാരണ ഉള്ളവരുടെ തെറ്റിദ്ധാരണ മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. സിൽവർ ലൈനിനെ എതിർക്കാൻ കോ ലി ബി സഖ്യം രംഗത്തെത്തിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം പാർട്ടി കോൺഗ്രസ് സമാപനസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഎം. പാർട്ടി രക്ഷിക്കുമെന്നതാണ് ജനങ്ങളുടെ വികാരം. സംസ്ഥാനത്ത് 700 ൽ പരം സഖാക്കളെ കൊലപ്പെടുത്തി. ജനങ്ങളെ ഭയപ്പെടുത്താനാണ് ഇത്തരം കൊലപാതകമെന്നും പക്ഷേ ഈ പാർട്ടിയെ ഭയപ്പെടുത്താനാകില്ലെന്ന് കണ്ണൂർ തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലേത് ഇച്ഛാശക്തിയുള്ള സർക്കാരാണ്. കോവിഡ് കാലത്ത് അത് കണ്ടതാണ്. പിണറായി വിജയൻ സർക്കാർ ഒരു കാര്യം പറഞ്ഞാൽ അത് ചെയ്യും. ദേശീയ പാത വികസനം നടക്കില്ലെന്ന് പറഞ്ഞു. എന്നിട്ടിപ്പോൾ എന്തായെന്ന് കോടിയേരി ചോദിച്ചു. സിപിഎം ഒറ്റക്കെട്ടാണ്. പാർട്ടി കോൺഗ്രസിൽ രണ്ടു ചേരി ഇല്ല. ബംഗാൾ ഒരു ചേരി കേരളം ഒരു ചേരി എന്ന് മാധ്യമങ്ങൾ പറഞ്ഞു. എന്നാൽ സി പി എം ഒരു ചേരിയാണെന്ന് പാർട്ടി കോൺഗ്രസ് തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

