കെഎസ്ആര്‍ടിസി-സ്വിഫ്റ്റ് ഉദ്ഘാടനം നാളെ; ശമ്പളമില്ലാതെ വലഞ്ഞ് ജീവനക്കാര്‍

തിരുവനന്തപുരം: വിഷുവും ഈസ്റ്ററുമടുത്തിട്ടും ശമ്പളമില്ലാതെ വലഞ്ഞ് സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍. ഇനിയും ശമ്പളം മുടങ്ങിയാല്‍ സമരം തുടങ്ങുമെന്ന മുന്നറിയിപ്പുമായി സി.ഐ.ടി.യു. ഉള്‍പ്പെടെയുള്ള യൂണിയനുകള്‍ രംഗത്തെത്തിയിട്ടുണ്ട്. KSRTC-SWIFT സര്‍വീസിന്റെ ഉദ്ഘാടന ദിനമായ നാളെ കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ യൂണിയനുകളും വ്യക്തമാക്കി.

കെ.എസ്.ആര്‍.ടി.സിയില്‍ എല്ലാ മാസവും അഞ്ചാം തിയതിക്ക് മുന്‍പായി ശമ്പളം നല്‍കുമെന്നായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നത്. എന്നാല്‍, ഇതുവരെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. ഉത്സവകാലം പ്രമാണിച്ചെങ്കിലും ശമ്പളം നല്‍കണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കോര്‍പ്പറേഷന്‍ കടന്നുപോകുന്നതെന്നാണ് മന്ത്രിയുടെ വാദം. 90 കോടി രൂപയാണ് മാര്‍ച്ച് മാസത്തെ ശമ്പളം നല്‍കാന്‍ ആവശ്യം. കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റിന്റെ ഉദ്ഘാടനത്തിന് ക്ഷണമുണ്ടെങ്കിലും സഹകരിക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്.

അതേസമയം, സര്‍ക്കാരില്‍ നിന്ന് ശമ്പളത്തിനായുള്ള തുക വാങ്ങിയെടുക്കുന്നതില്‍ മാനേജ്‌മെന്റിന് ജാഗ്രതക്കുറവെന്ന് സി.ഐ.ടി.യു. യൂണിയന്‍ ആരോപിച്ചു. സമരത്തിനിറങ്ങാന്‍ പ്രേരിപ്പിക്കരുതെന്നും യൂണിയന്‍ KSRTEA ജനറല്‍ സെക്രട്ടറി എസ്. വിനോദ് പറഞ്ഞു. മാനേജ്‌മെന്റിന് ദീര്‍ഘദൂര സര്‍വീസിനായി തുടങ്ങിയ KSRTC- SWIFT കമ്പനിയോടാണ് താല്‍പര്യമെന്ന് പ്രതിപക്ഷ യൂണിയനുകളും ആരോപിച്ചു.