‘ഇടപെട്ട മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നേതാവ്’; എം.സി ജോസഫൈന്റെ നിര്യാണത്തില്‍ അനുശോചിച്ച് നേതാക്കള്‍

തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ എം.സി ജോസഫൈന്റെ നിര്യാണത്തില്‍ അനുശോചിച്ച് നേതാക്കള്‍.

പിണറായി വിജയന്‍

സിപിഐഎമ്മിന്റെ സമുന്നത നേതാവ് എം സി ജോസഫൈന്റെ ആകസ്മിക വിയോഗം തീവ്രമായ വ്യസനമുണ്ടാക്കുന്നതാണ്. പാര്‍ട്ടിയുടെ ഇരുപത്തിമൂന്നാം കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത് കൊണ്ടിരിക്കെയാണ് ജോസഫൈന് ഹൃദയാഘാതമുണ്ടായത്. തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കും ജനങ്ങള്‍ക്കാകെയും വേണ്ടി വിശ്രമരഹിതമായി പ്രവര്‍ത്തിച്ച നേതാവാണ് ജോസഫൈന്‍. വിദ്യാര്‍ത്ഥി-യുവജന- മഹിളാ പ്രസ്ഥാനങ്ങളില്‍ അരനൂറ്റാണ്ടിലേറെയായി ജോസഫൈന്റെ സാന്നിധ്യമുണ്ട്. ഇടപെട്ട മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അവര്‍ സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ക്കും വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണെടുത്തത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ നേതാവ്, വനിതാ കമീഷന്‍ അധ്യക്ഷ എന്നീ നിലകളിലുള്ള ജോസഫൈന്റെ ഇടപെടലുകള്‍ സ്ത്രീ സമൂഹത്തിന് നീതി ഉറപ്പാക്കുക, പുരോഗതിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തില്‍ മാത്രം ഊന്നിയുള്ളതായിരുന്നു. വിവിധ തൊഴിലാളി യൂണിയനുകളുടെ നേതാവ്, വനിതാ വികസന കോര്‍പറേഷന്റെയും വിശാല കൊച്ചി വികസന അതോറിറ്റിയുടെയും നായിക എന്നീ നിലകളിലും ശ്രദ്ധേയമായ സംഭാവനകളാണ് അവര്‍ നല്‍കിയത്. ജോസഫൈന്റെ വേര്‍പാട് കേരളത്തിലെ പുരോഗമന പ്രസ്ഥാനത്തിനും സ്ത്രീ മുന്നേറ്റങ്ങള്‍ക്കും കനത്ത നഷ്ടമാണുണ്ടാക്കുന്നത്. സഖാവിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

വി.ഡി സതീശന്‍

അവസാന ശ്വാസം വരെയും താന്‍ വിശ്വസിച്ച രാഷ്ട്രീയ പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. കെ.എസ്.വൈ.എഫ് സംസ്ഥാന കമ്മറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതകളില്‍ ഒരാളായിരുന്നു ജോസഫൈന്‍. സ്വന്തം നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുകയും ചെയ്തിരുന്ന സി.പി.എമ്മിലെ സ്ത്രീ സാന്നിധ്യമായിരുന്നു അവര്‍.

കെ. സുധാകരന്‍

കമ്യൂണിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ച് പ്രവര്‍ത്തിച്ച ജോസഫെന്‍ നല്ലൊരു സാമൂഹ്യപ്രവര്‍ത്തകയായിരുന്നു. കര്‍ക്കശമായ സ്വഭാവ സവിശേഷത പലപ്പോഴും ജോസഫൈനെ വിവാദങ്ങളിലേക്ക് നയിച്ചിട്ടുണ്ടെങ്കിലും നല്ലൊരു പ്രാസംഗികയും സാമൂഹ്യപ്രവര്‍ത്തകയായിരുന്നു അവര്‍. ആകസ്മിക വേര്‍പാടില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു.