പുറത്തു വന്നതെല്ലാം ദിലീപിന്റെ ശബ്ദം തന്നെ; മഞ്ജു വാര്യരുടെ മൊഴി എടുത്ത് ക്രൈംബ്രാഞ്ച്‌

കൊച്ചി: ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട ശബ്ദരേഖകളില്‍ നടന്‍ ദിലീപിന്റെയും ബന്ധുക്കളുടെയും ശബ്ദം ദിലീപിന്റെ ആദ്യ ഭാര്യയായ മഞ്ജു വാര്യര്‍ തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച്. ഇന്നലെ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചായിരുന്നു മഞ്ജുവിന്റെ മൊഴി എടുക്കല്‍. ഇപ്പോള്‍ പുറത്തു വരുന്ന ശബ്ദരേഖയിലെ കാര്യങ്ങളും മഞ്ജുവിനോട് പോലീസ് ചോദിച്ചറിഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസിലെ വിചാരണ ഘട്ടത്തില്‍ കൂറുമാറാത്ത ചുരുക്കം സാക്ഷികളില്‍ ഒരാളാണ് മഞ്ജു വാര്യര്‍. കാവ്യാ മാധവനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.

അതേസമയം, സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം പുറത്തു വന്ന ശബ്ദരേഖകളില്‍ ചിലത് തന്റേതാണെന്ന് ദിലീപ് നേരത്തെ സമ്മതിച്ചിരുന്നു. പക്ഷേ, സുപ്രധാനമായ ചിലത് മിമിക്രിയാണെന്നായിരുന്നു ദിലീപിന്റെ വാദം. ഫെബ്രുവരി എട്ടിനാണ് ദിലീപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, സഹോദരന്‍ അനൂപ് എന്നിവരെ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തിച്ച് ശബ്ദസാമ്ബിളുകള്‍ ശേഖരിച്ചത്. മഞ്ജുവിനെ ചോദ്യം ചെയ്തത് നിര്‍ണായകമാണ്. വര്‍ഷങ്ങളോളം പരിചയവും അടപ്പവുമുള്ളവര്‍ ശബ്ദവും കൈയക്ഷവരും തിരിച്ചറിയുന്നത് കേസിന് ബലം നല്‍കുമെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച നിയമോപദേശം. ശബ്ദരേഖകളുള്‍പ്പെടെ വഴിത്തിരിവായ നിര്‍ണായക തെളിവുകള്‍ നല്‍കിയത് മുംബയിലെ സ്വകാര്യ ലാബിലെ ‘മിറര്‍ ഇമേജ്’ റിപ്പോര്‍ട്ടാണ്.